കൊല്ലത്ത് ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ഗർഭിണിയായ കുതിരയെ കാറിലെത്തിയ അഞ്ച് യുവാക്കൾ മർദിച്ച് അവശയാക്കി. പരുക്കേറ്റ കുതിരയ്ക്ക് ജില്ലാ വെറ്ററിനറി ഉദ്യോഗസ്ഥർ ചികിത്സ നൽകി. സിസിടിവി ദൃശ്യങ്ങൾ പ്രകാരം പ്രതികളെ കണ്ടെത്താൻ ഇരവിപുരം പൊലീസ് അന്വേഷണം തുടങ്ങി.
കുതിരയെ ആക്രമിച്ച് സന്തോഷം കണ്ടെത്തുന്ന ഒരുകൂട്ടം യുവാക്കളുടെ ക്രൂരത. മിണ്ടാപ്രാണിയോട് എന്തിനാണ് ഇങ്ങനെ ചെയ്തത്. വടി കൊണ്ട് അടിക്കുകയും മരത്തിനോട് ചേർത്ത് കയർ കൊണ്ട് വരിഞ്ഞ് മുറുക്കി മുഷ്ടി ചുരുട്ടി
ഇടിക്കുകയും ചെയ്തു. കാൽമുട്ട് മടക്കിയും മർദിച്ചു. അതിക്രൂര അക്രമമാണ് അഞ്ചംഗ ക്രിമിനലുകൾ ചെയ്തത്. കഴിഞ്ഞ ഇരുപത്തിയഞ്ചിന് വൈകിട്ട് നാലിനാണ് ഇത് നടന്നത്. തെക്കേകാവ് ഭഗവതി ക്ഷേത്രത്തിൻ്റെ മുന്നിലെ പറമ്പിൽ ക്ഷേത്ര ഭാരവാഹികളുടെ അനുമതിയോടെയാണ് കുതിരയെ കെട്ടിയിട്ടിരുന്നത്. വടക്കേവിള നെടിയം സ്വദേശി ഷാനവാസ് മൻസിലിൽ എ.ഷാനവാസിൻ്റെ ദിയ എന്ന നാലര വയസ്സുള്ള കുതിരയാണ്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് യുവാക്കളുടെ ക്രൂരത മനസ്സിലായത്.. പരുക്കേറ്റ കുതിരയെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചു.