തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ വയറുവേദനയ്ക്കു ചികില്‍സയ്ക്കെത്തിയ യുവതി അബോധാവസ്ഥയിലായതില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ്. കാട്ടാക്കട സ്വദേശി കൃഷ്ണാ തങ്കപ്പനെ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികില്‍സാ പിഴവെന്ന ബന്ധുക്കളുടെ പരാതിയിലാണ് ഡോക്ടര്‍ വിനുവിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ആസ്തമ, അലര്‍ജി എന്നിവയ്ക്കും ചികില്‍സയിലായിരുന്ന കൃഷ്ണ തങ്കപ്പനെ അതു പരിഗണിക്കാതെ ഡോക്ടര്‍ വയറുവേദനയ്ക്കു മാത്രം ചികില്‍സിച്ചതാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്കു കാരണമെന്നാണു ബന്ധുക്കളുടെ പരാതി. ആശുപത്രിയിലെത്തിയശേഷമുള്ള കുത്തിവെയ്പിലാണ് കൃഷ്ണ അബോധാവസ്ഥയിലായതെന്നും പൊലീസിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെയടിസ്ഥാനത്തിലാണ് ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും കൃഷ്ണയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
എന്നാല്‍ അലര്‍ജിയുള്ള കാര്യം ആശുപത്രിയെ അറിയിച്ചിരുന്നില്ലെന്നും , കുത്തിവെയ്പു നല്‍കിയശേഷം ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നു കൃഷ്ണയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു എന്നുമാണ് ആശുപത്രി വിശദീകരണം. നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചു