ഒറ്റപ്പാലം പാലപ്പുറത്ത് വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളിൽ പെട്രോൾ മോഷണം. പാലപ്പുറം കാവിനു സമീപമത്തെ വർക്ക് ഷോപ്പിൽ നിർത്തിയിരുന്ന ഏഴ് ഇരുചക്ര വാഹനങ്ങളിലെ ഇന്ധന ടാങ്കുകളിൽ നിന്നാണ് മോഷ്ടാവ് പെട്രോൾ ഊറ്റിയെടുത്തത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
തകരാറുകൾ പരിഹരിക്കാൻ എത്തിച്ച ബൈക്കുകൾ വർക്ക്ഷോപ്പിന്റെ മുൻവശത്താണു നിർത്തിയിട്ടിരുന്നത്. ഒരു ബൈക്കിന്റെ ഹെഡ് ലൈറ്റിനോടു ചേർന്ന വൈസറും നഷ്ടമായി. മോഷണത്തിന്റെ ദൃശ്യങ്ങൾ വർക്ക്ഷോപ്പിലെ നിരീക്ഷണ ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. തകരാർ പരിഹരിക്കാൻ എത്തിച്ച ബൈക്കുകളിൽ ഒന്ന് തിരിച്ചുകൊണ്ടുപോകാനായി ഉടമ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ബൈക്കിൽ മുൻവശത്തെ വൈസർ അഴിച്ചുവച്ച നിലയിൽ കണ്ട ഉടമ ഇക്കാര്യം വർക്ക്ഷോപ്പ് ഉടമയോട് അന്വേഷിക്കുകയായിരുന്നു.
വൈസർ ഇല്ലാതെയാണ് വാഹനമെത്തിച്ചതെന്നാണ് വർക്ക് ഷോപ്പ് നടത്തിപ്പുകാർ കരുതിയിരുന്നത്. ഇതെച്ചൊല്ലി തകർക്കമായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതു തിരിച്ചറിഞ്ഞത്. വർക്ക് ഷോപ് ഉടമ പൊലീസിൽ പരാതി നൽകി. ഇതിനു പുറമേ തോട്ടക്കരയിലെ വെൽഫെയർ ട്രസ്റ്റ് ഓഫിസിൽ നിന്നു രണ്ട് ബാഗുകളും നാണയത്തുട്ടുകളും മോഷണം പോയിട്ടുണ്ട്.