ഹൈദരാബാദിൽ വെൽഡിങ് തൊഴിലാളിയായ തൊടുപുഴ സ്വദേശിയെ കേരളത്തിലേക്കുള്ള ബസ് യാത്രക്കിടെ മർദ്ദിച്ച് നഗ്നനാക്കി റോഡില്‍ ഉപേക്ഷിച്ചതായി പരാതി. അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികില്‍സയില്‍ കഴിയുന്ന ആന്റണി അബോധാവസ്ഥയിലായതിനാൽ പ്രതികളെ കുറിച്ച് അറിയാനായിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ക്രൂര മർദ്ദനത്തിന്റെ വിശദാംശങ്ങൾ ഭാര്യ ജോണ്‍സി മനോരമ ന്യൂസിനോട് പങ്കുവച്ചു.
മകൾക്ക് ഡെങ്കിപ്പനിയാണെന്ന് അറിഞ്ഞ് തിടുക്കപ്പെട്ട് കിട്ടിയ ബസ്സിൽ കേരളത്തിലേക്ക് വരികയായിരുന്നു ആന്റണി. തമിഴ്നാട് ശൂലഗിരിയിൽ വച്ചാണ് മർദ്ദനമേൽക്കുന്നത്. കാലുകൾ രണ്ടും തല്ലിയൊടിച്ച നിലയിലായിരുന്നു. വലതു കൈയുടെ പേശികൾ കീറി. പൂർണ്ണ നഗ്നനാക്കി ബസ്സിൽനിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു.
ആന്റണിയെ വിളിച്ചിട്ട് കിട്ടാതായതോടെ കുടുംബം കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയിരുന്നു. സേലത്ത് നിന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചതോടെ ഒരു കാൽ മുറിച്ചു കളഞ്ഞു. വെന്റിലേറ്ററിൽ തുടരുന്ന ആന്റണിയുടെ അണുബാധ ഇനിയും മൂർഛിച്ചാല്‍ അടുത്ത കാൽ കൂടി മുറിച്ചു കളയേണ്ടി വരും. നിമിഷങ്ങൾ മാത്രം ബോധം വീണ്ടെടുത്ത സമയത്ത് ആന്റണി ഭാര്യയുടെ കയ്യിൽ എന്താണ് സംഭവിച്ചത് എന്ന് എഴുതി കാണിച്ചെങ്കിലും വ്യക്തമായില്ല. ആന്റണിക്ക് ശത്രുക്കളായി ആരുമില്ലെന്നാണ് കുടുംബം പറയുന്നത്. ബസിൽ ഉണ്ടായ തർക്കത്തിന്റെ പേരിൽ ആരെങ്കിലും ഇത്രത്തോളം മർദിക്കുമോ എന്നാണ് കരിമണ്ണൂർ പൊലീസിന്റെ സംശയം. വെന്റിലേറ്ററിലുള്ള ആന്റണി അപകടനില തരണം ചെയ്തിട്ടില്ല