കോഴിക്കോട് പേ ടി എം വഴി പിക്കാസ് വാങ്ങി ജ്വല്ലറി മോഷണത്തിന് ഇറങ്ങിയ കള്ളന്‍ പൊലീസിന്‍റെ പിടിയിലായി. രാമനാട്ടുകര ദുബായ് ഗോള്‍ഡ് സൂക്കിന്‍റെ ഭിത്തി തുരന്ന് കവര്‍ച്ച ശ്രമം നടത്തിയ മധ്യപ്രദേശ് സ്വദേശി നെക് മണി സിങ്ങ് പട്ടേലാണ് ഫറോക് പൊലീസിന്‍റെ പിടിയിലായത്. നെക് മണി പിക്കാസ് വാങ്ങിയ കടയില്‍ നിന്ന് പൊലീസ് ശേഖരിച്ച ഇടപാടു വിവരങ്ങളാണ് പൊളിടെക്നിക്കുകാരനായ നെക്മണിയെ കുടുക്കിയത്.
ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന് മധ്യപ്രദേശിലെ ഗ്രാമത്തില്‍ എത്തി സുഖ ജീവിതം, തിരിച്ചു പോകാന്‍ ഫ്ളൈറ്റ് ടിക്കറ്റും ബുക്ക് ചെയ്തിരുന്നു, പക്ഷേ നെക്മണിയെ പിക്കാസ് ചതിച്ചു.അങ്ങനെ എല്ലാ സ്വപ്നവും പൊലിഞ്ഞു. ജ്വല്ലറിയിലെ ഭിത്തി തുരന്ന് അകത്തു കയറിയ കള്ളന്‍ രണ്ടര കിലോയോളം വെള്ളി ആഭരണങ്ങള്‍ കവറിലാക്കി മാറ്റി,മേശയില്‍ നിന്ന് പണവും കൈകലാക്കി,പിന്നീട് സ്വര്‍ണം ലക്ഷ്യമാക്കി പാഞ്ഞു.ലോക്കറില്‍ കൈവച്ചപ്പോള്‍ അലാറം അടിച്ചു, നെക്മണിയുടെ കവര്‍ച്ച പ്ലാന്‍ ഇവിടെ പൊളിഞ്ഞു
സുരക്ഷ ജീവനക്കാര്‍ പാഞ്ഞടുക്കുന്നു എന്നു മനസിലാക്കിയ കള്ളന്‍ മോഷ്ടിച്ചു വച്ചതും പിക്കാസുമടക്കം ഉപേക്ഷിച്ച് ഓടി.പൊക്കറ്റില്‍ കൊള്ളുന്ന കുറച്ച് വെള്ളി ആഭരണങ്ങള്‍ മാത്രം കയ്യില്‍ വച്ചു.പോളി ടെക്നിക്ക് ബുദ്ധിയാകണം സി സി ടി വി ദ്യശ്യങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന ഹാര്‍ഡ് ഡിസ്ക്കും കള്ളന്‍ കൊണ്ടു പോയി.ആകെ കുഴങ്ങേണ്ടി വരുമായിരുന്ന ഒരു കേസില്‍ ജ്വല്ലറി നിന്ന് കിട്ടിയ പിക്കാസിലെ നിര്‍മാണ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ആദ്യ പിടി വള്ളിയായി.രാമനാട്ടുകരയില്‍ ഇത്തരം പിക്കാസുവില്‍ക്കുന്ന കടകള്‍ തേടി ഇറങ്ങിയ ഫറോക്ക് എസ് ഐ അനൂപ് കട കണ്ടുപിടിച്ചു.കടയുടമ ലത്തീഫ് നെക്മണി പിക്കാസു വാങ്ങിയെന്ന് സ്ഥിരീകരിച്ചതിനൊപ്പെം പേ ടി എം വഴിയാണ് പണം നല്‍കിയതെന്ന വിവരവും പൊലീസിനോട് പറഞ്ഞു.പേ ടി എം വിവരങ്ങള്‍ തിരുവനന്തപുരത്തെ സൈബര്‍ പൊലീസിന് നല്‍കിയതോടെ നെക്മണിയുടെ ഫോണ്‍ നമ്പരും മേല്‍വിലാസവും അടക്കം കിട്ടി.മറ്റൊരു തൊഴിലാളി വഴി വിളിച്ചു വരുത്തി പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച് പുലര്‍ച്ചെ മൂന്നിന് മോഷണം നടത്തിയ പ്രതിയെ രാത്രി 7 ന് അറസ്റ്റു ചെയ്ത പൊലീസ് ബുദ്ധിക്കു പിന്നില്‍ ഫറോഖ് എസ് എ എസ് അനൂപും സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി സി സുജിത്തുമടക്കമുള്ള ഉദ്യോഗസ്ഥരാണ്, മോഷണം നടത്തിയ ജ്വല്ലറിയിലും പിക്കാസ് വാങ്ങിയ കടയിലും നെക് മണിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.