മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തികതട്ടിപ്പ് കേസില്‍ വഞ്ചിച്ചത് പരാതിക്കാരനെന്ന് പറവ ഫിലിംസ് ഉടമകളുടെ മൊഴി. അരൂര്‍ സ്വദേശി സിറാജിനെതിരെയാണ് നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇഡിക്ക് മൊഴി നല്‍കിയത്. സിനിമ ചിത്രീകരണത്തിനായി ഏഴ് കോടി രൂപ നല്‍കാമെന്ന കരാര്‍ സിറാജ് ലംഘിച്ചുവെന്നും ചിത്രീകരണവേളയില്‍ രണ്ട് കോടി മാത്രമാണ് നല്‍കിയതെന്നുമാണ് പറവ ഉടമകളുടെ മൊഴി. ബാക്കി തുക പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് ഘടുക്കളാണ് നല്‍കിയതെന്നും ഇത് മൂലം വലിയ സാമ്പത്തിക ബാധ്യതയുണ്ടായെന്നുമാണ് മൊഴി.
കള്ളപ്പണമിടപാടുകള്‍ നടത്തിയിട്ടില്ലെന്നും എല്ലാ ഇടപാടുകള്‍ക്കും കൃത്യമായ രേഖകളുണ്ടെന്നും സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ മൊഴി നല്‍കി. സിറാജില്‍ നിന്ന് കൈപ്പറ്റിയ മുഴുവന്‍ തുകയും തിരിച്ചുനല്‍കിയതിന്‍റെ രേഖകളടക്കം പറവ ഫിലിംസ് ഇഡിക്ക് കൈമാറി. പരാതിക്കാരനായ സിറാജ് മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാണെന്നും ഇയാളുടെ സാമ്പത്തികയിടപാടുകള്‍ സംബന്ധിച്ചും പരിശോധിക്കണമെന്നും സൗബിനും കൂട്ടരും ആവശ്യപ്പെട്ടു.