കൊച്ചുവേളി–പോര്‍ബന്തര്‍ എക്സ്പ്രസിന്‍റെ ശുചിമുറിയില്‍ ഒളിപ്പിച്ച് ഗുജറാത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മദ്യശേഖരം പിടികൂടി. ഗോവയിലെ മഡ്‌ഗാവ് സ്റ്റേഷനില്‍ നിന്നാണ് ട്രെയിനിന്‍റെ ശുചിമുറിയുടെ സീലിങില്‍ ഒളിപ്പിച്ച് വന്‍തോതില്‍ മദ്യവും നാടന്‍ ചാരായവും കടത്താന്‍ ശ്രമിച്ചത്. മലയാളി യാത്രക്കാരുടെ പരാതിയിലാണ് ആര്‍പിഎഫ് നടപടി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കൊച്ചുവേളി– പോര്‍ബന്തര്‍ എക്സ്പ്രസ് ഇന്ന് പുലര്‍ച്ചെ ഗോവയിലെ മഡ്‍ഗാവില്‍ എത്തിയപ്പോളാണ് സംഭവം. എസ്–ത്രീ സ്ലീപ്പര്‍ കോച്ചിന്‍റെ ശുചിമുറിയിലേക്ക് ഏതാനും യുവാക്കള്‍ കവറുകള്‍ കയറ്റാന്‍ ശ്രമിക്കുന്നത് മലയാളി യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടു. സംശയം തോന്നി നോക്കിയപ്പോളാണ് ശുചിമുറിയുടെ സീലിങിന്‍റെ സ്ക്രൂ ഇളക്കി ഇതിനുള്ളില്‍ മദ്യക്കുപ്പികള്‍ സൂക്ഷിച്ചത് കണ്ടെത്തിയത്. ഇക്കാര്യം ആര്‍പിഎഫിനെ അറിയിച്ചെങ്കിലും ആദ്യം നടപടി ഉണ്ടായില്ല. പിന്നീട് ട്രെയിന്‍ മുംബൈ വസായ് റോഡ് സ്റ്റേഷനില്‍ എത്തിയപ്പോളാണ് മദ്യക്കുപ്പികള്‍ കസ്റ്റഡിയിലെടുത്തത്. 90 എം.എല്ലിന്‍റെ 180 കുപ്പിയും 180 എം.എല്ലിന്‍റെ മുന്നൂറില്‍ അധികം കുപ്പികളും അഞ്ഞൂറോളം നാടന്‍ ചാരായത്തിന്‍റെ കുപ്പികളുമാണ് കണ്ടെടുത്തത്.
കേസില്‍ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കുറഞ്ഞ വിലയ്ക്ക് മദ്യം കിട്ടുന്ന ഗോവയില്‍ നിന്ന് വാങ്ങി മദ്യനിരോധിത സംസ്ഥാനമായ ഗുജറാത്തിലേക്ക് വൻതോതിൽ മദ്യം കടത്തുന്ന സംഘമാണ് ഇതിന് പിന്നില്‍. എന്നാല്‍ ഈ മാഫിയക്ക് ആര്‍പിഎഫിന്‍റെയും റെയിൽവേ പൊലിസിന്‍റെയും ഒത്താശയുണ്ടെന്ന ആരോപണം ശക്തമാണ്. ശുചിമുറിയുടെ സീലിങിന്‍റെ സ്ക്രൂ അഴിച്ച് ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ മദ്യം കയറ്റിയ ശേഷം ഇത് ഗുജറാത്തിലെ സ്റ്റേഷനുകളില്‍ എത്തുമ്പോള്‍ തിരിച്ച് എടുക്കുന്നതാണ് രീതി.