തമിഴ്നാട്ടിലെ മധുക്കരയില്‍ മലയാളി യുവാക്കളെ ആക്രമിച്ചത് അടുത്തിടെ രൂപംകൊണ്ട പുതിയ ഹൈവേ കവര്‍ച്ചാ സംഘം. വിവിധ കേസുകളില്‍ പിടിക്കപ്പെട്ട പ്രതികള്‍ പുതിയ ഗ്യാങിന് രൂപം നല്‍കിയത് ജയിലില്‍വെച്ചെന്ന് മൊഴി. സംഘത്തിലെ മൂന്ന് പേരെകൂടി കസബ പൊലീസിന്‍റെ നേതൃത്വത്തില്‍ പിടികൂടി.
പുതിയ ഗ്യാങ്ങിന്‍റെ ആദ്യ ദൗത്യം എങ്ങനെ പാളിയെന്നതിനുള്ള ഉത്തരമാണ് ഈ ദൃശ്യങ്ങള്‍. പാത്തുംപതുങ്ങിയും ദിവസങ്ങള്‍ നീണ്ട പ്ലാനിങ്ങിന് ശേഷമാണ് സംഘം കവര്‍ച്ചയ്ക്കിറങ്ങിയത്. കാറിലുണ്ടായിരുന്ന യുവാക്കളുടെ അപ്രതീക്ഷിത നീക്കം എല്ലാം തകിടംമറിച്ചു. അക്രമികളുടെ രണ്ട് കാറുകള്‍ തകര്‍ന്നു. കാറിനുള്ളിലെ ക്യാമറകണ്ണുകള്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ മറയ്ക്കാന്‍ കഴിയാത്ത തെളിവുകളുമായി.
പാലക്കാട് സ്വദേശികളായ ജിനു, നന്ദു, ജിജീഷ് എന്നിവരാണ് ഒടുവില്‍ പിടിയിലായത്. സൈനികനടക്കം അഞ്ച് പേരെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം മധുക്കര പൊലീസ് പാലക്കാട് കസബ പൊലീസിന്‍റെ സഹായത്തോടെ പിടികൂടിയിരുന്നു. ലഹരി, അടിപിടി, മോഷണക്കേസുകളില്‍ പ്രതികളായ സംഘാംഗങ്ങള്‍ ഗ്യാങായി മാറുന്നത് ജയിലില്‍വെച്ചാണ്. സംഘത്തിലെ എല്ലാവരും പുറത്തിറങ്ങിയതോടെ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടു. ഇരുപതിലേറെ പേര്‍ കവര്‍ച്ച സംഘത്തിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
പാലക്കാടും തമിഴ്നാടും പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അക്രമികള്‍ സഞ്ചരിച്ച മൂന്ന് കാറുകള്‍ കസ്റ്റഡിയിലെടുത്തു. കൃത്യത്തില്‍ ഉള്‍പ്പെട്ട് നാലാമത്തെ കാര്‍ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അതേസമയം ആക്രമണത്തിനിരയായ യുവാക്കളുടെ പരാതി അവഗണിച്ച കുന്നത്തുനാട് പൊലീസിന്‍റെ വീഴ്ച സംബന്ധിച്ച് റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് എസ്ഐയുടെ അന്വേഷണപരിധിയില്‍ അല്ലെങ്കിലും പരാതിക്കാരോട് മാനുഷികമായ ഇടപെടലുണ്ടായില്ലെന്നാണ് കണ്ടെത്തല്‍.