highway

TOPICS COVERED

തമിഴ്നാട്ടില്‍ മധുക്കരയില്‍ മലയാളി യുവാക്കളെ ആക്രമിച്ച ഹൈവേ കവര്‍ച്ച സംഘത്തിലെ മുഴുവന്‍ പ്രതികളും പിടിയില്‍. പാലക്കാട് പൊലീസിന്റെ കൂടി സഹായത്തോടെ ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ്  പ്രതികളെ  മധുക്കര പൊലീസ് പിടികൂടിയത്. ജയിലില്‍വച്ച് അടുത്തിടെ രൂപംകൊണ്ട പുതിയ ഹൈവേ കവര്‍ച്ചാ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായ പ്രതികള്‍. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലയാളി യുവാക്കളുടെ കാര്‍ പന്ത്രണ്ടംഗ സംഘം മൂന്നുകാറുകളിലെത്തി വളഞ്ഞ് അടിച്ചു തകര്‍ത്തത്. മുഖംമൂടിധരിച്ചെത്തിയ അക്രമിസംഘാംഗങ്ങളെ കണ്ടെത്താന്‍ സഹായകമായത് കാറിലുണ്ടായിരുന്ന ക്യാമറയിലെ ദൃശ്യങ്ങളാണ്. അക്രമികള്‍ സഞ്ചരിച്ച കാറുകള്‍ തിരിച്ചറിഞ്ഞ പൊലീസ് മണിക്കൂറുകള്‍ക്കം നാല് പ്രതികളെ പിടികൂടി. രമേശ്, അജയ്, വിഷ്ണു, ശിവദാസ് എന്നിവരാണ് ആദ്യം പിടിയിലായത്. കാറുകളും കണ്ടെത്തി. ഇവരില്‍ നിന്നാണ് മറ്റ് പ്രതികളെ കുറിച്ചുള്ള നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. കല്‍പാത്തി സ്വദേശി വിഷ്ണു അടുത്ത ദിവസം അറസ്റ്റിലായി. മധുക്കര പൊലീസിന്‍റെ മൂന്ന് സംഘം പ്രതികള്‍ക്കായി പാലക്കാട് തമ്പടിച്ചു. കസബ പൊലീസിന്‍റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒന്നാംപ്രതി ജിതിന്‍ , രാജീവ്, അനീഷ്, ഹരീഷ്കുമാര്‍,  ജിനു, നന്ദകുമാര്‍, ജിജീഷ് എന്നിവരും അറസ്റ്റിലായത്. ഇവര്‍ക്ക് സഹായം ചെയ്ത് നല്‍കിയവര്‍ക്കായുള്ള അന്വേഷണവും തുടരുകയാണ്. ലഹരി, അടിപിടി, മോഷണക്കേസുകളില്‍ പ്രതികളായ സംഘാംഗങ്ങള്‍ ഗ്യാങായി മാറുന്നത് ജയിലില്‍വെച്ചാണ്. സംഘത്തിലെ എല്ലാവരും പുറത്തിറങ്ങിയതോടെ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടു. 

പുതിയ ഗ്യാങ്ങിന്‍റെ ആദ്യ ദൗത്യം എങ്ങനെ പാളിയെന്നതിനുള്ള ഉത്തരമാണ് ഈ ദൃശ്യങ്ങള്‍.കാറിലുണ്ടായിരുന്ന യുവാക്കളുടെ അപ്രതീക്ഷിത നീക്കം എല്ലാം തകിടംമറിച്ചു. അക്രമികളുടെ രണ്ട് കാറുകള്‍ തകര്‍ന്നു. കാറിനുള്ളിലെ ക്യാമറകണ്ണുകള്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ മറയ്ക്കാന്‍ കഴിയാത്ത തെളിവുകളുമായി. 

ENGLISH SUMMARY:

Highway attack all the accused are under arrest