കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍, ദുരന്തത്തിൽ മദ്യം നിർമ്മിച്ച പ്രധാനികൾ പിടിയിൽ. ചിന്നദുരെ, മാതേഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. വനത്തിനുള്ളിൽ വ്യാജമദ്യം നിർമ്മിച്ച് ഗ്രാമങ്ങളിലെ വിതരണക്കാർക്ക് എത്തിച്ചത് ചിന്നദുരെയാണ്. ഇയാൾക്കെതിരെ 70 കേസുകൾ ഉണ്ട്. വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു.
വ്യാജമദ്യം നിർമ്മിക്കാനുള്ള മെഥനോൾ എത്തിച്ചത് മതേഷാണ്. ഇവരെ സിബിസിഐഡിക്ക് കൈമാറി. ഇന്നലെ അറസ്റ്റിലായ മൂന്നു പേരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 10 പേർക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. ചികിത്സയിലുള്ള 165 പേരിൽ 30 പേരുടെ നില ഗുരുതരമാണ്. അതിനിടെ ദുരന്തത്തിൽ പ്രതിഷേധിച്ച് അണ്ണാ.ഡിഎംകെ എംഎൽഎമാർ നിയമസഭയിൽ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രാജി വയ്ക്കണമെന്ന പോസ്റ്ററുകള്‍ ഉയര്‍ത്തി തമിഴ്നാട് നിയമസഭയില്‍ പ്രതിഷേധം. ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ.ഡി.എം.കെ., ബി.ജെ.പി, പി.എം.കെ എംഎല്‍എമാര്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ച എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തു.