kozhikode-drug-arrest-2

അര്‍മേനിയയില്‍ ജോലിക്കുപോയ യുവാക്കള്‍ വീട്ടുകാരറിയാതെ നാട്ടില്‍തിരിച്ചെത്തി നടത്തിയത് വന്‍ ലഹരിക്കച്ചവടം. കോഴിക്കോട് കഴിഞ്ഞ ദിവസം പിടിയിലായ ആല്‍ബിന്‍ സെബാസ്റ്റ്യന്‍, ഷൈന്‍ ഷാജി എന്നിവരില്‍നിന്ന് പിടിച്ചെടുത്തത് രണ്ടുകോടിയുടെ ലഹരിമരുന്ന്. അര്‍മേനിയലിലേക്ക് പോയ മകന് നാട്ടില്‍ ലഹരിക്കച്ചവടമാണെന്ന് മാതാപിതാക്കള്‍ അറിയുന്നത് പൊലീസ് വീട്ടിലെത്തിയപ്പോള്‍

പഠന കാലത്താണ് ആല്‍ബിന്‍ സെബാസ്റ്റ്യനും ഷൈന്‍ ഷാജിയും പരിചയത്തിലാകുന്നത്. ജോലിക്കായി കഴിഞ്ഞവര്‍ഷം അർമേനിയയിലേക്ക് പറന്ന ഇരുവരും നാലുമാസത്തിന് ശേഷം  കേരളത്തില്‍ തിരിച്ചെത്തി ലഹരിക്കച്ചവടം തുടങ്ങി. പുതിയങ്ങാടിയില്‍ വാടക വീടെടുത്ത് താമസവും തുടങ്ങി. അര്‍മേനിയയില്‍ ജോലി ചെയ്യുകയാണെന്നായിരുന്നു വീട്ടുകാരെ വിശ്വസിപ്പിച്ചത്. മേയ് 29ന് ഇവരുടെ വാടക വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ടുകോടി രൂപയുടെ ലഹരി വസ്തുക്കള്‍ കണ്ടെടുത്തി. പൊലീസിനെ കണ്ടതും രണ്ടുപേരും ഒാടി രക്ഷപെട്ടു.

ആല്‍ബിനേയും ഷൈനിനേയും അന്വേഷിച്ച് പൊലീസ് ഇരുവരുടേയും വീട്ടിലെത്തിയപ്പോള്‍ മകന്‍ അര്‍മേനിയിലാണെന്നായിരുന്നു മറുപടി. ഇരുവരും നാട്ടിലെത്തി ലഹരിക്കച്ചവടം തുടങ്ങിയത് പാവം മാതാപിതാക്കള്‍ അറിഞ്ഞതേയില്ലെന്ന് ചുരുക്കം. രണ്ടാഴ്ചയിലധികം നീണ്ട തിരിച്ചിലിനിടയില്‍ ഷൈനെ ബെംഗളൂരുവില്‍ നിന്നും ആല്‍ബിനെ ഇടുക്കിയില്‍ നിന്നും പിടികൂടി.

കോളജ് വിദ്യാർഥികളെ ലക്ഷ്യം വെച്ചായിരുന്നു കച്ചവടം. ബെംഗളൂരുവില്‍ നിന്നെത്തി ലഹരി നഗരത്തിലെ പലിയിടത്തും എത്തിച്ച് വിറ്റു. ഷൈന്‍ മുമ്പും ലഹരിക്കേസില്‍ പിടിയിലായിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിന് ആല്‍ബിനെതിരെയും മുമ്പ് കേസെടുത്തിരുന്നു. ‌എന്തായാലും ലഹരിയുടെ യഥാർഥ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

ENGLISH SUMMARY:

Police Arrest Albin Sebastian and Shine Shaji in Rs 2 Crore Drug Seizure Case.