തലശേരി എരഞ്ഞോളിയില്‍ സ്ഥിരമായി ബോംബ് നിര്‍മാണം നടക്കുന്നുവെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും സ്റ്റീല്‍ ബോംബ് പൊട്ടി മരിച്ച വേലയാധുന്‍റെ അയല്‍വാസിയായ യുവതി. വീടിനു തൊട്ടടുത്ത പറമ്പില്‍നിന്ന് ബോംബ് കണ്ടെത്തിയിട്ടുണ്ട്. പൊലീസിനെ അറിയിക്കാതെ ബോംബുകള്‍ എടുത്തുമാറ്റിയെന്നും സീന വെളിപ്പെടുത്തി. പ്രതികരിക്കാത്തത് ഭയം കൊണ്ടായിരുന്നു. ഇപ്പോള്‍ സഹികെട്ടതിനാലാണ് പറയുന്നത്. സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്നാണ് പാര്‍ട്ടിയോടുള്ള അപേക്ഷയെന്നും സീന.
അതേസമയം വെളിപ്പെടുത്തലില്‍ അദ്ഭുതമില്ലെന്ന് സണ്ണി ജോസഫ് എംഎല്‍എ പ്രതികരിച്ചു. സി.പി.എം പ്രതിക്കൂട്ടിലാണെന്നും പൊലീസിന് കഴിവില്ലാഞ്ഞിട്ടല്ല, കൈകള്‍ കെട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിലില്‍ പാനൂരിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ ഇന്നലെയാണ് വീണ്ടും മറ്റൊരു സ്ഫോടനം കണ്ണൂരിലുണ്ടാകുന്നത്. ഇതിന് പിന്നാലെ കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാപക തിരച്ചില്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. പാനൂര്‍, തളിപ്പറമ്പ്, തലശേരി, ന്യൂമാഹി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന. അടച്ചിട്ട വീടുകളും ആളൊഴിഞ്ഞ പറമ്പുകളുമാണ് പൊലീസ് ആദ്യം പരിശോധിക്കുന്നത്. ഇതിനായി ആള്‍താമസമില്ലാത്ത വീടുകളുടെ ലിസ്റ്റ് തയ്യാറാക്കി. സ്ക്വാഡുകളായി തിരിഞ്ഞാണ് തിരച്ചില്‍.
അതേസമയം, വേലായുധന്‍റെ മരണത്തില്‍ പൊലീസ് ഇതുവരെ ആരെയും പ്രതിചേര്‍ത്തിട്ടില്ല. പ്രതികളെ കുറിച്ച് പൊലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഏരഞ്ഞോളിയിലും പരിസരത്തും പൊലീസ് നിരീക്ഷണം തുടരുന്നുണ്ട്. സമീപദിവസങ്ങളിലാണ് ബോംബ് സ്ഥലത്ത് കൊണ്ടുവന്നിട്ടിട്ടുണ്ടാവുക എന്നാണ് പൊലീസ് സംശയിക്കുന്നത്.