തമിഴ്നാട്ടിലെ മധുക്കരയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി മലയാളികളെ ആക്രമിച്ച കേസില്‍ അക്രമിസംഘമെത്തിയ മൂന്നു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്‍പതു പ്രതികളെ തിരിച്ചറിഞ്ഞു, അഞ്ചുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. അന്വേഷണത്തിന് മൂന്ന് പ്രത്യേക സംഘങ്ങളെയും മധുക്കര പൊലീസ് രൂപീകരിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
തമിഴ്നാട്ടില്‍ മലയാളി യുവാക്കളെ ആക്രമിച്ചത് 11 അംഗ ഹൈവെ കവര്‍ച്ച സംഘമാണ്. നേരത്തെ സമാനമായ കേസില്‍ അറസ്റ്റിലായ പാലക്കാട് സ്വദേശിയാണ് സംഘത്തലവനെന്ന് മൊഴി. പ്രതികള്‍ക്കായി തമിഴ്നാട്ടിലും പാലക്കാടും പൊലീസ് പരിശോധന നടത്തി. ആക്രമണത്തിനിരയായ യുവാക്കളുടെ പരാതി അവഗണിച്ചതില്‍ കുന്നത്തുനാട് പൊലീസിനെതിരെയും അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളില്‍ നിന്നാണ് ഹൈവെ കവര്‍ച്ചാസംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മധുക്കര പൊലീസിന് ലഭിച്ചത്. ഹൈവേകളില്‍ സമാനമായ രീതിയില്‍ നേരത്തെയും ആക്രമണം നടത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതികളാണ് സംഘാംഗങ്ങള്‍. ലഹരിക്കേസിലെ പ്രതികളും പതിനൊന്നംഗ സംഘത്തിലുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമണത്തിന് ശേഷം പ്രതികള്‍ പാലക്കാട്ടേക്ക് കടന്നു. മലമ്പുഴ ഡാമിന്‍റെ പരിസരത്ത് വനത്തിനുള്ളില്‍ കാറുകള്‍ ഒളിപ്പിച്ചു. സാരമായ കേടുപാടുകള്‍ സംഭവിച്ച കാറുകള്‍ പിന്നീട് ഇവിടെ നിന്ന് മാറ്റുന്നതിനിടെയാണ് സൈനികനടക്കം നാല് പേര്‍ പിടിയിലായത്.
ഒന്നിന് പുറകെ ഒന്നായി തകര്‍ന്ന കാറുകള്‍ പോകുന്നത് കണ്ട് നാട്ടുകാര്‍ പാലക്കാട് കസബ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കസബ പൊലീസും മധുക്കര പൊലീസും സംയുക്തമായാണ് പ്രതികള്‍ക്കായുള്ള അന്വേഷണം. ഇതിനിടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാക്കളില്‍ നിന്ന് ആലുവ റൂറല്‍ എസ്പി വൈഭവ് സക്സേന വിവരങ്ങള്‍ തേടി. കുന്നത്തുനാട് പൊലീസിന്‍റെ വീഴ്ച അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. കുന്നത്തുനാട് പൊലീസിന്‍റെ വീഴ്ച സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കൈമാറും. മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെയാണ് റൂറല്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടത്.