പാലക്കാട് ജില്ലാ കലക്ടറുടെ ഡ്രൈ ഡേ ഉത്തരവ് പൂഴ്ത്തിയതില്‍ കൂടുതല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ കുടുങ്ങും. വീഴ്ച വരുത്തിയവരെ അടിയന്തരമായി കണ്ടെത്താന്‍ ആവശ്യപ്പെട്ട് എക്സൈസ് കമ്മിഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഉദ്യോഗസ്ഥരുടെ പിഴവ് തെളിയിക്കുന്ന രേഖകള്‍ സമാഹരിച്ച വിജിലന്‍സ് സംഘം കൂടുതല്‍ ആളുകളുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കലക്ടറുടെ ഉത്തരവ് ബന്ധപ്പെട്ടവരെ അറിയിക്കാതിരുന്നു, സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ബോധപൂര്‍വം തീരുമാനം അട്ടിമറിച്ചു, വിവാദമാകുമെന്ന് കണ്ട് ഉത്തരവ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നടപ്പാക്കാന്‍ വ്യഗ്രത കൂട്ടി. കേട്ടുകേള്‍വിയില്ലാത്ത മട്ടിലായിരുന്നു പാലക്കാട്ടെ എക്സൈസ് സംഘത്തിന്റെ ഇടപെടല്‍. മാര്‍ച്ച് പതിനെട്ടിലെ ചിറ്റൂര്‍ കൊങ്ങന്‍പട ഉല്‍സവത്തിന്റെ ഭാഗമായ ഡ്രൈ ഡേ ഉത്തരവ് മാര്‍ച്ച് ആറിന് കലക്ടര്‍ പുറത്തിറക്കി. വൈകീട്ട് അഞ്ചരയോടെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫിസിലെത്തുകയും ചെയ്തു. ഇതിന്റെ പകര്‍പ്പെടുത്ത് എക്സൈസ് കമ്മിഷണര്‍ക്ക് കൈമാറുന്നതിലും ചിറ്റൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫിസിലേക്ക് അയയ്ക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് തെളിഞ്ഞത്.
കംപ്യൂട്ടര്‍ കൈകാര്യം ചെയ്തിരുന്ന ജീവനക്കാരിയോട് വിശദീകരണം േതടിയെങ്കിലും തന്റെ ജോലിസമയത്തിനുള്ളില്‍ ഉത്തരവ് വന്നിട്ടില്ലെന്നും അതിനുശേഷം വന്നിട്ടുള്ള മെയില്‍ തുറന്ന നിലയിലാണെന്നും മറുപടി. രേഖാമൂലമുള്ള ഈ വിശദീകരണം സ്വീകരിച്ചോ നിരാകരിച്ചോ എന്ന് രേഖപ്പെടുത്തിയിട്ടില്ല. ജീവനക്കാരി പോയ ശേഷം ഓഫിസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിലേക്കാണ് അന്വേഷണമെത്തിയിരിക്കുന്നത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം വിജിലന്‍സെത്തി പരിശോധിക്കുമ്പോഴാണ് കലക്ടറുടെ ഉത്തരവ് പൂഴ്ത്തിയെന്ന് തെളിഞ്ഞത്.
18ന് വൈകീട്ട് ആറരയ്ക്ക് ശേഷം ഉത്തരവ് ചിറ്റൂരിലെത്തിയെങ്കിലും ബാറിലും, ഷാപ്പുകളിലും, ബവ്റിജസ് വില്‍പ കേന്ദ്രങ്ങളിലും കൂടിയ അളവില്‍ മദ്യവില്‍പന നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഉത്തരവ് പൂഴ്ത്തിയതില്‍ എക്സൈസ് സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് ഡയറക്ടര്‍ക്ക് കൈമാറിയ വിജിലന്‍സ് സംഘം കൂടുതല്‍ എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കും.