pattambitheft

TOPICS COVERED

പട്ടാമ്പി കിഴായൂർ ഗ്രാമത്തെ ഭീതിയിലാക്കി കവര്‍ച്ചാ പരമ്പര. വ്യാപാര സ്ഥാപനങ്ങളിലും ക്ഷേത്രത്തിലും കവര്‍ച്ച നടന്നു. മോഷ്ടാക്കളെന്ന് കരുതുന്ന മൂന്നുപേര്‍ ആയുധങ്ങളുമായി നീങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതോടെ ജനങ്ങളും ആശങ്കയിലാണ്. 

 

പട്ടാമ്പി കിഴായൂർ സെന്ററിലെ വി.പി.എം സ്റ്റോർ, ആന്തൂർപള്ളിയാലിന് സമീപമുള്ള പി.കെ.എം സ്റ്റോർ, മുല്ലക്കൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ചയുണ്ടായത്. മോഷ്ടാക്കളെന്ന് കരുതുന്ന മൂന്നുപേര്‍ കമ്പിയും ആയുധങ്ങളുമായി റോഡിലൂടെ നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. 

രണ്ടു വ്യാപാര സ്ഥാപനങ്ങളിലെയും ഗ്രില്ലിന്റെ പൂട്ടും ഷട്ടറും തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. രാവിലെ കട തുറന്ന് കിടക്കുന്നത് നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. പണം കടകളിൽ സൂക്ഷിക്കാതിരുന്നതിനാൽ കാര്യമായ നഷ്ടമുണ്ടായില്ല. സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലായിരുന്നു. മുല്ലക്കൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്നാണ് പണം കവര്‍ന്നത്. പൂട്ട് തകർത്ത് ഓഫീസിൽ കയറിയെങ്കിലും വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ല. പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ നോക്കിയപ്പോൾ മോഷ്ടാക്കൾ ഓടിപ്പോവുന്നത് കണ്ടതായി ക്ഷേത്രം ഭാരവാഹികൾ പൊലീസിനോട് പറഞ്ഞു. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മോഷ്ടാക്കൾക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Pattambi theft series