മാധ്യമ ശ്രദ്ധ കിട്ടാന്‍ കോടതി വളപ്പില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ച ഗുണ്ടയ്ക്കു ക്രൂരമര്‍ദ്ദനം. കര്‍ണാടക ബെളഗാവിലാണു അഭിഭാഷകരുടെ നേതൃത്വത്തില്‍ കോടതിയില്‍ ഹാജരാക്കാനായി എത്തിച്ച ഗുണ്ടയെ അതിക്രൂരമാരമായി മര്‍ദ്ദിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസിലേക്കു ദാവൂദ് ഇബ്രാഹിമാണെന്ന വ്യാജേനെ വിളിച്ചു നൂറുകോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയായ ജയേഷ് പൂജാരിയാണു അഭിഭാഷകരുടെ കൈക്കരുത്തറിഞ്ഞത്
വടക്കന്‍ കര്‍ണാടകയിലെ കുപ്രസിദ്ധ ഗുണ്ടയാണു ജയേഷ് പൂജാരി. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഏറെ കാലമായി ബെളഗാവി ഹിന്‍ഡല്‍ഗ സെന്‍ട്രല്‍ ജയിലിലാണുള്ളത്. കഴിഞ്ഞ ദിവസം ഒരു കേസിലെ വിചാരണക്കായി മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചപ്പോഴായിരുന്നു മര്‍ദ്ദനം. പൊലീസുകാരുടെ വലയത്തിനുള്ളിലാക്കി കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ ഇയാള്‍ ശ്രമിച്ചു. പക്ഷേ ആരും ഗൗനിച്ചില്ല. പിറകെ ക്രുദ്ധനായി പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ചു. തന്നെ പാക്കിസ്ഥാന്‍ പൗരനെ പോലെയാണു പൊലീസും കോടതിയും കൈകാര്യം ചെയ്യുന്നതെന്നും രേഖകള്‍ പോലും സമര്‍പ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നും വിളിച്ചുപറഞ്ഞു.
പൊലീസ് വലയം ഭേദിച്ച് അഭിഭാഷകര്‍ തുടങ്ങിയ മര്‍ദ്ദനം പിറകെ കോടതി പരിസരത്തുണ്ടായിരുന്നവരും ഏറ്റെടുത്തു. പ്രധാമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയുമാണു കേസുകള്‍ക്കു പിന്നിലെന്നു മര്‍ദ്ദനത്തിനിടെയും ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. നിധിന്‍ ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കു വിളിച്ചു നൂറുകോടി രൂപ തന്നില്ലെങ്കില്‍ മന്ത്രിയെ അപായപ്പെടുത്തുമെന്ന് ഇയാള്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നു നാഗ്പൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു