പാലക്കാട് മണ്ണാർക്കാടിൽ മയിലിനെ വെടിവെച്ച് കൊന്ന് ഭക്ഷണമാക്കുകയും ഇറച്ചി കൈവശം സൂക്ഷിക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങൾ അറസ്റ്റിൽ. കാഞ്ഞിരപ്പുഴ പാലക്കയം സ്വദേശി രമേഷ്, രാജേഷ് എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഇവരുടെ വീടുകളില്‍ പാലക്കാട് ഫ്‌ളെയിംങ് സ്‌ക്വാഡും പാലക്കയം ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ പാകം ചെയ്ത നിലയിലുള്ള മയിലിറച്ചി കണ്ടെത്തിയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതെത്തുടർന്ന് ഒളിവിലായിരുന്ന സഹോദരങ്ങൾ ഇന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒയ്ക്ക് മുന്നിലെത്തി കുറ്റമേൽക്കുകയായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എന്‍.സുബൈറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം പ്രതികളുമായി കുണ്ടംപൊട്ടി ഭാഗത്ത് തെളിവെടുപ്പ് നടത്തി നായാട്ടിന് ഉപയോഗിച്ച തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു.