കൊലപാതകക്കേസില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ തെഗുദീപയും കാമുകിയായ നടി പവിത്ര ഗൗഡയും അറസ്റ്റില്‍. ചിത്രദുര്‍ഗ സ്വദേശി രേണുകാ സ്വാമിയെന്നയാളുടെ മൃതദേഹം ബെംഗളുരു കാമാക്ഷിപാളയത്ത് പാലത്തിനടയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. പവിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനു പ്രതികാരമായി ഫാന്‍സ് അസോസിയേഷന്റെ സഹായത്തോടെ വിളിച്ചുവരുത്തി അടിച്ചുകൊന്നുവെന്നാണ് കേസ്. നടനും നടിയുമടക്കം 11 പേര്‍ അറസ്റ്റിലായി.
കാമുകിയായ നടിയെ സന്തോഷിപ്പിക്കാനായി സമൂഹമാധ്യമ അക്കൗണ്ടില്‍ കമന്റിട്ടയാളെ സൂപ്പര്‍ സ്റ്റാറിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുവന്നു തലക്കടിച്ചു കൊന്നു പുഴയില്‍ തളളുക. സിനിമകളെ പോലും തോല്‍പ്പിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ കേട്ടു നടുങ്ങുകയാണു കന്നഡ സിനിമാ ലോകം. ഞയറാഴ്ച ബെംഗളുരു കാമാക്ഷിപാളയത്തെ തോട്ടില്‍ അജ്ഞാത മൃതദേഹം കാണ്ടെത്തുന്നതോടെയാണു ക്രൂര കൊലപാതക ചുരുള്‍ അഴിയുന്നത്. മരിച്ചത് ചിത്രദുര്‍ഗ സ്വദേശി രേണുക സ്വാമിയാണന്നു സ്ഥിരീകരിച്ച പൊലീസ് ഇയാളുടെ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചാണു വഴിത്തിരിവായത്. നടന്റെ കടുത്ത ആരാധകനായ രേണുകയ്ക്ക് ദര്‍ശന്‍ പവിത്ര ഗൗഡയുമായി ബന്ധം പുലര്‍ത്തുന്നത് ഇഷ്ടമായിരുന്നില്ല.
ഇതിന്റെ പേരിലാണു ഇന്‍സ്റ്റാഗ്രാമിലടക്കം അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ഇക്കാര്യം പവിത്ര ദര്‍ശന്റെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്നു ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ രേണുകയെ മൈസുരുവിലെത്തിച്ചു. തര്‍ക്കത്തിനിടെ പട്ടിക കൊണ്ടു തലക്കടിച്ചു കൊല്ലുകയായിരുന്നു. ദര്‍ശന്‍ നടി പവിത്ര ഗൗഡ,നടന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് രാഘവേന്ദ്ര അടക്കം പന്ത്രണ്ടു പേര്‍ അറസ്റ്റിലായി
ശനിയാഴ്ചയാണു കൊലപാതകം നടന്നത്. പുലര്‍ച്ചെ മൈസുരുവില്‍ നിന്നാണു നടനെ അറസ്റ്റ് ചെയ്തത്. നടി പവിത്രയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ ദര്‍ശന്‍–പവിത്ര ബന്ധം കന്നഡ സിനിമാ മേഖലയില്‍ വന്‍ വിവാദമായിരുന്നു.