ambulance-attack

TOPICS COVERED

അമിത വേഗമെന്നാരോപിച്ച് അത്യാസന്ന നിലയിലുള്ള കുട്ടിയുമായി പോയ ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി അക്രമികളുടെ അഴിഞ്ഞാട്ടം. ബെംഗളുരു നെലമംഗലയില്‍ ഇന്നലെ രാത്രിയാണു നടുക്കുന്ന സംഭവം. ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന 5 മാസം പ്രായമുള്ള കുട്ടിയുടെ മാതാപിതാക്കള്‍ കൈകൂപ്പി അപേക്ഷിച്ചിട്ടും  വാഹനം മുന്നോപോകാന്‍ അക്രമികള്‍ അനുവദിച്ചില്ല.

 

ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ശ്വസിക്കുന്ന അഞ്ചു മാസം പ്രായമുള്ള കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാണു തുമുകുരുവില്‍ നിന്ന് ആംബുലന്‍സ് യാത്ര തുടങ്ങുന്നത്. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയായിരുന്നു ലക്ഷ്യം. പക്ഷെ നഗരാതിര്‍ത്തിയോട് അടുക്കവേ നാലംഗ സംഘം ബൈക്കില്‍ പിന്തുടരാന്‍ തുടങ്ങി. പലതവണ സംഘം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ജോണ്‍ തയറായില്ല. നെലമംഗലം ടോള്‍ പ്ലാസയില്‍ വേഗത കുറഞ്ഞതോടെ അക്രമികള്‍ ഇരുചക്രവാഹനം കുറുകയെട്ടു തടഞ്ഞു. ഈ കാണുന്ന കാറിനെ മറികടന്നു പോയത് എന്തിനെന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം . കുഞ്ഞിന്റെ മാതാപിതാക്കള്‍ കൂപ്പുകൈയുമായി കാല്‍ക്കല്‍ വീഴാന്‍ തയാറായെങ്കിലും അക്രമികളുടെ മനസലിഞ്ഞില്ല. ടോള്‍ പ്ലാസയിലുണ്ടായിരുന്ന പൊലീസെത്തിയാണ് ആംബുലന്‍സ് പിന്നീട് കടത്തിവിട്ടത് . 5 കിലോമീറ്ററിലധികം ദൂരമാണ് അക്രമികള്‍ ആംബുലന്‍സിനെ പിന്തുടര്‍ന്നത്.  യെലഞ്ചനഹള്ളി സ്വദേശികളായ യുവരാജ് സിങ്,മഞ്ജുനാഥ്,ലതീഷ് എന്നിവര്‍ അറസ്റ്റിലായി. 

ENGLISH SUMMARY:

Men in Bengaluru attack ambulance driver carrying infant for emergency treatment