prajwal-revanna-in-sit-cust

ലൈംഗിക പീഡനക്കേസുകളില്‍ അറസ്റ്റിലായ ഹാസന്‍ എം.പി പ്രജ്വല്‍ രേവണ്ണ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താനായില്ല. പിടിച്ചെടുത്ത രണ്ടുഫോണുകളും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചവയല്ലെന്ന് അന്വേഷണസംഘം. നശിപ്പിച്ചെന്നാണ് സംശയം. പ്രജ്വലിന്റെ ഇ–മെയില്‍, ക്ലൗഡ് അക്കൗണ്ടുകള്‍ പരിശോധിക്കും.

ജര്‍മനിയിലെ മ്യൂനിക്കില്‍ നിന്നു പുലര്‍ച്ചെ ബെംഗളുരു വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാവിലെ കോടതിയില്‍ ഹാജരാക്കും. 34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്. ബിസിനസ് ക്ലാസിൽ 8ജി സീറ്റിൽ പ്രജ്വൽ യാത്ര ചെയ്ത ലുഫ്താൻസ വിമാനം മ്യൂണിക്കിൽ നിന്നു പുറപ്പെട്ട് ഇന്നു പുലർച്ചെ 12.48നാണ് ബെംഗളൂരുവിൽ ടെർമിനൽ രണ്ടിൽ ലാൻഡ് ചെയ്തത്. നേരത്തേ തന്നെ പോലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ വാറന്റും നിലവിലുണ്ട്. അതിനാല്‍ പ്രജ്വല്‍ രേവണ്ണ വിമാനത്താവളത്തില്‍ ഇറങ്ങിയാലുടന്‍ തന്നെ അറസ്റ്റിലാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങളും അന്വേഷണസംഘം ഒരുക്കി. 

ഒരു മാസത്തെ ഒളിവിനു ശേഷമാണ് പ്രജ്വല്‍ തിരിച്ചെത്തുന്നത്. മെഡിക്കല്‍ പരിശോധനകളടക്കം പൂര്‍ത്തിയാക്കിയതിന് ശേഷം രാവിലെജനപ്രതിനിധികളുടെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. കര്‍ണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയായ പ്രജ്വൽ സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രിൽ 26ന് രാത്രിയാണ് രാജ്യം വിട്ടത്. 

വീട്ടുജോലിക്കാർ മുതൽ പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളും ഉൾപ്പെടെ ഇരുന്നൂറോളം സ്ത്രീകളെ പീഡിപ്പിക്കുന്ന 2976 ലൈംഗിക വിഡിയോ ക്ലിപ്പുകളാണ് പ്രജ്വലിന്റേതായി ഇതേവരെ പുറത്തുവന്നത്. പ്രജ്വലിന്റെ അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകൾ ഹാസനിലെ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽനിന്നാണു ലഭിച്ചത്. ജനതാദൾ ദേശീയാധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ദേവെഗൗഡയുടെ മകനും ദൾ എംഎൽയുമായ മുൻമന്ത്രി എച്ച്.ഡി.രേവണ്ണയുടെ ഇളയപുത്രനാണ് പ്രജ്വൽ.

ENGLISH SUMMARY:

Hasan MP Prajwal Revanna's Alleged Sexual Assault Footage Phone Untraceable