അധികാര ദുര്‍വിനിയോഗത്തിലൂടെ വനിതകളെ അപമാനിച്ച പ്രജ്വലിനെ വനിതാ ഉദ്യോഗസ്ഥരെക്കൊണ്ട് തന്നെ അറസ്റ്റ് ചെയ്യിച്ച് കര്‍ണാടക സര്‍ക്കാര്‍. തുടര്‍ നടപടികളും വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്. സ്ത്രീകളുടെ അധികാരത്തെക്കുറിച്ച് പ്രജ്വലിനെ അറിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു.
ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രജ്വല്‍ രേവണ്ണയെ ഐപിഎസുകാരായ സുമന്‍ ഡി. പെന്നെകറും സീമ ലട്കറും നേതൃത്വം നല്‍കിയ വനിതാ പൊലീസ് സംഘം വളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെയായിരുന്നു പ്രജ്വലിന്റെ കുറ്റകൃത്യങ്ങളെന്നും ഇതിനെതിരായ ശക്തമായ സന്ദേശമാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
വിമാനത്താവളത്തില്‍ നിന്ന് എസ്.ഐ.ടി ഓഫിസിലേക്ക് പ്രജ്വലിനെ കൊണ്ടുപോയ ജീപ്പിലും വനിതാ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രജ്വലിനെ ചോദ്യം ചെയ്യുന്നതും വനിതാ ഉദ്യോഗസ്ഥര്‍ തന്നെയാണ്. വനിതാ ഉദ്യോഗസ്ഥര്‍ ആരെയും ഭയക്കുന്നില്ലെന്ന സന്ദേശം അതിജീവിതകള്‍ക്ക് നല്‍കുകയാണ് ലക്ഷ്യമെന്ന് എസ്.ഐ.ടി ഉദ്യോഗസ്ഥരും പറഞ്ഞു.