പുണെയില്‍ മദ്യലഹരിയില്‍ കാറോടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട കേസില്‍ പതിനേഴുകാരനെ രക്ഷിക്കാന്‍ അമ്മയുടെ രക്ത സാംപിളാണ് പരിശോധനക്ക് അയച്ചതെന്ന് പൊലീസ് കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ പുണെ സസൂണ്‍ ജനറല്‍ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരും കുടുംബവും ചേര്‍ന്ന് നടത്തിയ രക്തസാംപിള്‍ കൃത്രിമത്തിന്‍റെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതി മദ്യപിച്ചിട്ടില്ലെന്ന് വരുത്താന്‍ അമ്മ ശിവാനി അഗര്‍വാളിന്‍റെ രക്തസാംപിളാണ് പരിശോധനക്ക് അയച്ചത്.

പ്രതിയുടെ അച്ഛനില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.ശ്രീഹരി ഹാല്‍നര്‍, ഫൊറന്‍സിക് മേധാവി ഡോ. അജയ് താവ്റെ എന്നിവരാണ് കൃത്രിമം നടത്തിയത്.‌ ഡോ.ശ്രീഹരി ഹാല്‍നറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഒളിവില്‍പോയ ശിവാനി അഗര്‍വാളിനായി പൊലീസ് തിരച്ചില്‍ തുടങ്ങി. പതിനേഴുകാരന്‍റെ അച്ഛന്‍ വിശാല്‍ അഗര്‍വാളും മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളും പൊലീസ് കസ്റ്റഡിയിലാണ്. കുറ്റമേല്‍ക്കാന്‍ കുടുംബ ഡ്രൈവറെ ഭീഷണിപ്പെത്തിയതിലും കൃത്രിമം നടത്തിയ കേസിലുമാണ് ഇവരുടെ അറസ്റ്റ്. 

പുണെയിലെ കല്യാണി നഗറിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് അമിതവേഗത്തിൽ പാഞ്ഞുവന്ന പോർഷെ കാർ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചത്. 160 കിലോമീറ്റർ വേഗത്തിലായിരുന്നു കാർ. മറ്റൊരു ഹോട്ടലിലെ പാർട്ടിക്കു ശേഷം മടങ്ങുകയായിരുന്ന അനീഷ് ആവാധിയ, അശ്വിനി കോഷ്ത എന്നിവരാണ് മരിച്ചത്. ഇരുവരും മധ്യപ്രദേശ് സ്വദേശികളാണ്.

ENGLISH SUMMARY:

Pune Porsche case: Alleged Blood Sample Tampering by Doctors to Exonerate Accused of Drunkenness