TOPICS COVERED

കൊലപാതക കേസില്‍ മൃതദേഹം കണ്ടെത്താന്‍ കഴിയാതിരുന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കി മുംബൈ സെഷന്‍സ് കോടതിയുടെ അപൂര്‍വ്വ വിധി. മുംബൈയില്‍ സലൂണ്‍ മാനേജറായിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് സഹപ്രവര്‍ത്തകര്‍ ആയിരുന്ന രണ്ടുപേര്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. സാങ്കേതിക തെളിവുകളാണ് കോടതി പരിഗണിച്ചത്.

കൊലപാതകത്തിന് തെളിവായി മൃതദേഹം ഇപ്പോഴും കാണാമറയത്ത്. അങ്ങനെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസിലാണ് ഇപ്പോള്‍ വിധി വരുന്നത്. 2018ലാണ് മുംബൈ അന്ധേരിയിലെ സലൂണില്‍ മാനേജറായിരുന്ന കീര്‍ത്തി വ്യാസ് കൊല്ലപ്പെടുന്നത്. കീര്‍ത്തിയുടെ കാറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സഹപ്രവര്‍ത്തകരായ സിദ്ധേഷ്, ഖുഷി എന്നിവരിലേക്ക് അന്വേഷണം നീണ്ടു. 

കാറില്‍വച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലിലേക്ക് തള്ളിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ജോലിയില്‍ വീഴ്ച വരുത്തിയതിന് സിദ്ധേഷിനെ താക്കീത് ചെയ്തതും വിവാഹിതയായ ഖുഷിയുമായിയുള്ള ഇയാളുടെ അടുപ്പം ചോദ്യം ചെയ്തതുമായിരുന്നു കീര്‍ത്തിയോടുള്ള വൈരാഗ്യത്തിന് കാരണം. 

വേലിയേറ്റമുള്ള സമയത്താണ് പ്രതികള്‍ കടലിലേക്ക് മൃതദേഹം തള്ളിയത്. അതുകൊണ്ട് പിന്നീട് അത് കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. കാറില്‍ നിന്ന് ലഭിച്ച കീര്‍ത്തിയുടെ രക്തസാംപിളും കീര്‍ത്തിയുമായുള്ള പ്രതികളുടെ ഫോണ്‍ റെക്കോര്‍ഡുകളും മറ്റ് സാങ്കേതിക തെളിവുകളുമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. ഇത് അംഗീകരിച്ച മുംബൈ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ചെറിയ കുട്ടികളുണ്ടെന്നും ശിക്ഷയില്‍ ഇളവു വേണമെന്നുമുള്ള പ്രതികളുടെ ആവശ്യം അംഗീകരിച്ചില്ല.     

ENGLISH SUMMARY:

Mumbai court holds two colleagues guilty in 2018 Kirti Vyas murder case