പന്തീരങ്കാവില്‍ സ്ത്രീധനമാവശ്യപ്പെട്ട് വധുവിനെ മര്‍ദിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി പ്രതി രാഹുലിന്‍റെ അമ്മ. തന്‍റെ മകനോ താനോ പെണ്‍കുട്ടിയുടെ വീട്ടുകാരോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും ഗുരുവായൂരില്‍ ആറുലക്ഷം രൂപ മുടക്കിയാണ് മകന്‍ വിവാഹം നടത്തിയതെന്നും അവര്‍ അവകാശപ്പെടുന്നു. അതേസമയം, പെണ്‍കുട്ടിയെ അടിച്ചുവെന്നത് അവര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലാന്‍ വേണ്ടി അടിച്ചില്ലെന്നാണ് വാദം.
പ്രതി രാഹുലിന്‍റെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ..'എന്റെ മോനോ, ഞാനോ അവരോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല, ആവശ്യപ്പെടുകയുമില്ല. ഗുരുവായൂര്‍ ആറുലക്ഷം രൂപ മുടക്കിയിട്ടാണ് ഈ കല്യാണം മോന്‍ അവിടെ ചെയ്യുന്നത്. പിന്നെ എന്തിന്‍റെ പേരിലാണ് ഞങ്ങള്‍ സ്ത്രീധനം ചോദിക്കേണ്ടത്? ഓന് അതിന്‍റെ ആവശ്യമില്ല. ബെല്‍റ്റുകൊണ്ടടിച്ചതായി എനിക്കോര്‍മയില്ല. അടിക്കാന‍് ചെന്നപ്പോള്‍ ചുമരില്‍ പോയടിച്ചെന്ന് പറയുന്നുണ്ട്. പക്ഷേ രാഹുല്‍ പറയുന്നുണ്ട്, ഒരിക്കലും മോന്തയ്ക്കിട്ട് അടിച്ചിട്ടില്ല. അവന്‍ പറയുന്നതല്ലേ നമുക്ക് അറിയാന്‍ പറ്റൂ. ചെറുങ്ങനെ അടിച്ചിട്ടുണ്ട്. പക്ഷേ കൊല്ലാന്‍ വേണ്ടി അടിച്ചിട്ടില്ല. ക്രൂരമായിട്ട് കൊല്ലാനുള്ള വധശ്രമം, അത് ഒരിക്കലും ചെയ്തിട്ടില്ല. കാരണം ഇവര് ഇഷ്ടപ്പെട്ട് കൊണ്ടുവന്നൊരു പെണ്‍കുട്ടിയാണ്.
കോട്ടയത്തെ പെണ്‍കുട്ടിയുമായി നിശ്ചയം കഴിഞ്ഞതാണ്. അവര് വേണ്ടെന്ന് പറഞ്ഞ് ഒഴിവായതാണ്. അത് മറച്ചു വയ്ക്കുന്നില്ല. എന്‍റെ മോന്‍ ചെയ്തത് ഞാനെവിടെ ആയാലും പറയും. മോന്‍ പറയുന്നത്, കൈവെള്ളേല്‍ പിടിച്ച് കൊണ്ടു നടന്നിട്ടം ഓളെന്നെ ചതിക്കുന്ന രീതിയിലായപ്പോള്‍ എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ലമ്മേ' എന്നാണ് അവന്‍ പറഞ്ഞത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം രാഹുല്‍ വീട്ടില്‍ നിന്നും പോയെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും അവര്‍ മനോരമന്യൂസിനോട് പ്രതികരിച്ചു. അതിനിടെ പ്രതി രാഹുലിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. വിമാനത്താവളങ്ങള്‍ വഴി കടന്നു കളയാതിരിക്കാനാണ് നോട്ടിസ്. കേസിന്‍റെ അന്വേഷണം ഫറോക്ക് എ.സി.പി ഏറ്റെടുത്തു. അന്വേഷണസംഘം ഇന്ന് പെണ്‍കുട്ടിയുടെ സ്വദേശമായ പറവൂരിലെത്തും. കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് നടപടി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു. കേസെടുക്കാന്‍ പൊലീസ് വിമുഖത കാണിച്ചെന്നും ഭര്‍ത്താവിനോട് രമ്യതയില്‍ പോകാന്‍ ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.