tipper-rock-3

 

കോഴിക്കോട് കൂടരഞ്ഞിയിൽ അമിതഭാരവുമായി പാഞ്ഞ ടിപ്പര്‍ ലോറിയില്‍ നിന്ന് പാറക്കല്ല് തെറിച്ചുവീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.  അമിതഭാരം കയറ്റിയതിന് ദിവസങ്ങൾക്കു മുൻപ് പൊലീസ് പിഴ ഈടാക്കിയ അതേ വാഹനം തന്നെയാണ് അപകടം സൃഷ്ടിച്ചത്. കൂടരഞ്ഞി മേലെ കൂമ്പാറ അങ്ങാടിയില്‍ രാവിലെ കണ്ട ദൃശ്യങ്ങളാണിത്.സമീപത്തെ പാറമടയില്‍ നിന്ന് അമിത ലോഡ് കയറ്റി വന്ന  KL 57 Q 3298 എന്ന ടിപ്പറിൽ നിന്നാണ് കല്ല് പുറത്തേക്ക് തെറിച്ചത്. സമീപത്ത് വാഹനങ്ങളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. മുകളില്‍ ഷീറ്റ് വിരിച്ചിട്ടുണ്ടായിരുന്നെങ്കിലും, ലോഡ് അധികമായതിനാല്‍ ഹംപ് കടക്കുന്നതിനിടയില്‍ കല്ല് താഴേക്ക് പതിക്കുകയായിരുന്നു.

 

ഒരാഴ്ച മുമ്പ് അമിതഭാരം കയറ്റിയതിന് ഇതേ ടിപ്പറിന് തിരുവമ്പാടി പൊലീസ് പിഴ ഈടാക്കിയിരുന്നു. എന്നിട്ടും ഇതേ നിയമലംഘനം നടത്തണമെങ്കില്‍ പൊലീസിന്റേയോ മോട്ടോര്‍ വാഹനവകുപ്പിന്റേയോ ഒത്താശയുണ്ടാകുമെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്ത് ഭാരം അളക്കുന്ന വേ ബ്രിഡ്ജുകള്‍ ഇല്ലാത്തതും അമിതഭാരം കയറ്റാന്‍ ഇവര്‍ക്ക് പ്രേരണയാകുന്നുണ്ട്. നിയമങ്ങളോ നിയന്ത്രണങ്ങളോ  പാലിക്കാതെ  തലങ്ങും വിലങ്ങും പായുന്ന ടിപ്പറുകള്‍ കോഴിക്കോടിന്റ മലയോര മേഖലയിലെ സ്ഥിരം കാഴ്ചയാണ്.  

 

rock stone spilled from an overloaded tipper lorry