sandalwood-case

പാലക്കാട് ചെർപ്പുളശ്ശേരിയിൽ ചന്ദനം ഇടപാടിനിടെ മൂന്നുപേർ പിടിയിലായ കേസില്‍ അന്വേഷണം വിപുലീകരിച്ച് വനം വകുപ്പ്. ഇവരിൽ നിന്ന് എട്ടര കിലോ ചന്ദനമാണ് തിരുവനന്തപുരത്തെ ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് പിടിച്ചെടുത്തത്. സംഘത്തില്‍ കൂടുതലാളുകളുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്. 

 

ഷൊർണൂർ കുളപ്പുള്ളി സ്വദേശികളായ വിഷ്ണുദാസ്, അഭിലാഷ്, രാജേഷ് എന്നിവരാണു കഴിഞ്ഞദിവസം രാത്രിയില്‍ പിടിയിലായത്. ചെർപ്പുളശ്ശേരി തൂത വീട്ടിക്കാട് ഭാഗത്തു നിന്നു മുറിച്ച ചന്ദനം വിഷ്ണുദാസും അഭിലാഷും ചേർന്നു രാജേഷിനു വിൽക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. തിരുവനന്തപുരത്തെ ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധനയും തുടര്‍ നടപടിയും. ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഒ ജയപ്രകാശ്, സ്ക്വാഡ് റേഞ്ച് ഓഫിസർ സനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്. 

 

കേസിന്റെ തുടരന്വേഷണ ചുമതല ഒറ്റപ്പാലം റേഞ്ച് ഓഫിസർ കെ.പി.ജിനേഷിനു കൈമാറി. പിടിയിലായ മൂന്ന് യുവാക്കളെയും ഒറ്റപ്പാലം കോടതി റിമാൻഡ് ചെയ്തു. സംഘം നേരത്തെയും ചന്ദന ഇടപാട് നടത്തിയിട്ടുണ്ടെന്ന സൂചനകളും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. സ്വകാര്യ ഭൂമിയില്‍ ഉള്‍പ്പെടെ ചന്ദനമരത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ രാത്രിയിലെത്തി മുറിച്ച് കടത്തുന്നതാണ് ‌ശൈലിയെന്ന് യുവാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.