ചാവക്കാട് ഒരുമനയൂര്‍ കൂട്ടക്കൊലക്കേസിലെ പ്രതിയുടെ ശിക്ഷയില്‍ നേരിയ ഇളവ് നല്‍കി സുപ്രീംകോടതി. നാലംഗ കുടുംബത്തെ കൊലപ്പെടുത്തി പ്രതി നവാസിന്‍റെ തടവുശിക്ഷ 25 വര്‍ഷമാക്കി സുപ്രീംകോടതി കുറച്ചു. 2005 നവംബര്‍ നാലിന് നടന്ന ക്രൂരമായ കൊലപാതകത്തില്‍ വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി 30 വര്‍ഷമാക്കിയിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ചാവക്കാട് ഒരുമനയൂരില്‍ എന്‍പതുകാരിയായ സ്ത്രീയേയും 11 വയസുള്ള പെണ്‍കുട്ടിയേയും ഉള്‍പ്പടെ നാലംഗ കുടുബത്തെ ദാരുണമായി കൊലപ്പെടുത്തിയ പ്രതിയുടെ ശിക്ഷയില്‍ അഞ്ചുവര്‍ഷത്തെ ഇളവാണ് സുപ്രീകോടതി നല്‍കിയത്. ഇതുവരെ ഉള്‍പ്പടെ അനുഭവിച്ച ശിക്ഷകൂടി ഉള്‍പ്പടെയാണിത്. ഒരുമനയൂർ മുത്തൻമാവ് പിള്ളരിക്കൽ വീട്ടിൽ 45 കാരന്‍ രാമചന്ദ്രൻ, 38 കാരിയായ ഭാര്യ ലത, മകൾ 11 വയസുള്ള ചിത്ര, രാമചന്ദ്രന്റെ 80 വയസുള്ള അമ്മ കാർത്യായനി എന്നിവരെയാണ് പ്രതി നവാസ് ആക്രമിച്ചു കൊലപ്പെടുത്തിയത്. പ്രതിയുടെ പ്രേമാഭ്യർഥന ലത നിരസിച്ചതിലുള്ള വിരോധംമൂലം അർധരാത്രി വീട്ടിൽ അതിക്രമിച്ചുകയറി കൊല നടത്തുകയായിരുന്നു.
കൊലയ്‌ക്കുശേഷം കയ്യുടെ ഞരമ്പു മുറിച്ച് ആത്മഹത്യയ്‌ക്കു ശ്രമിച്ചനിലയിൽ പ്രതി നവാസിനെ വീടിനകത്തുതന്നെ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്താന്‍ വീടിന്‍റെ ഭിത്തി തുരന്നായിരുന്നു പ്രതി അകത്തു കയറിയത്. ക്രൂരമായി ഒരു കുടുംബത്തെ ഇല്ലാതാക്കിയ പ്രതിക്ക് 2007 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ വധശിക്ഷ ഹൈക്കോടതി പിന്നീട് കഠിനതടവായി കുറച്ചിരുന്നു. 30 വർഷത്തേക്ക് ശിക്ഷയിൽ ഇളവു പാടില്ലെന്ന ഉപാധിയും ഹൈക്കോടതി വെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു നവാസ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീംകോടതി 25 വര്‍ഷമാക്കി കുറച്ചത്.