TAGS

 

അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന്റെ മറവില്‍ ലക്ഷങ്ങളുടെ മരം മുറി നടന്നതായി ആക്ഷേപം. മണ്ണാർക്കാട് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ മരംമുറിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളും പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. 

 

ഗവേഷണ കേന്ദ്രം വളപ്പിലെ അപകടാവസ്ഥയിലുള്ള 246 മരങ്ങള്‍ മുറിക്കുന്നതിനായിരുന്നു ലേലം. മുപ്പത് ലക്ഷത്തിന് ലേലം കൊണ്ടവര്‍ കഴിഞ്ഞമാസം മുതല്‍ മരംമുറിയും തുടങ്ങി. മുറിക്കുന്ന മരങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് സമീപത്തുണ്ടായിരുന്ന അടയാളപ്പെടുത്താത്ത മരങ്ങളും മുറിച്ചതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗവേഷണ കേന്ദ്രം മേധാവി പൊലീസില്‍ പരാതി നല്‍കിയത്. അലനല്ലൂര്‍ സ്വദേശികളായ സജിമോന്‍, ലുക്മാന്‍, ഹുസൈന്‍ എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് പൊലീസ് കേസെടുക്കുകയും ചെയ്തു. താന്നി, മരുത്, ആഞ്ഞിലി ഉള്‍പ്പടെയുള്ള 11 മരങ്ങള്‍ മുറിച്ചതായി പരിശോധനയില്‍ തെളിഞ്ഞു. 

 

മരംമുറിച്ചു കടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഫാം വര്‍ക്കേഴ്സ് യൂണിയന്‍. പരാതി ഉയര്‍ന്നതിന് പിന്നാലെ മരംമുറി നിര്‍ത്തിവെക്കാന്‍ സര്‍വകലാശാല അധികൃതര്‍ നിര്‍ദേശം നല്‍കി. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധവും തുടങ്ങി. എല്ലാവശങ്ങളും പരിശോധിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നതെന്ന് മണ്ണാര്‍ക്കാട് പൊലീസ് അറിയിച്ചു.

 

palakkad thiruvizhamkunnu tree cutting complaint