ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ. അപൂർവങ്ങളിൽ അപൂർവമായ കേസായി കാണരുതെന്നും സാധാരണ രാഷ്ട്രീയ കൊലപാതകം മാത്രമാണെന്നും പ്രതിഭാഗം. ശിക്ഷ പ്രഖ്യാപിക്കും മുൻപ് പ്രതികൾക്ക് പറയാനുള്ളത് കേൾക്കാൻ കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
അഡ്വ. രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പതിനഞ്ചുപേരും കുറ്റക്കാരാണെന്ന് മാവേലിക്കര അഡീ. സെഷൻസ് കോടതി ശനിയാഴ്ച്ച കണ്ടെത്തിയിരുന്നു. ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുൻപായി പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദങ്ങൾ കോടതി കേട്ടു. വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം അഭ്യർത്ഥിച്ചു. സാധാരണരാഷ്ട്രീയ കൊലപാതകം ആയതിനാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കരുത്. പ്രതികളുടെ പ്രായം, കുടുംബം,പശ്ചാത്തലം എല്ലാം പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്നും പ്രതിഭാഗം വാദിച്ചു. പ്രതികളെല്ലാം നിരോധിത തീവ്രവാദ സംഘടനയിലെ അംഗങ്ങളാണെന്നും കൊലപാതകത്തിന് പരിശീലനം ലഭിച്ചിട്ടുള്ളവരാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും അതുകൊണ്ട് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം.
പ്രതികളെ ഓൺലൈനായിട്ടാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ച്ച കോടതി പ്രതികൾക്ക് പറയാനുള്ളത് കേൾക്കും. ഇവരുടെ മാനസികാരോഗ്യ റിപ്പോർട്ട് ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജിത്ത് ശ്രീനിവാസൻ 2021 ഡിസംബർ 19 നാണ് കൊല്ലപ്പെട്ടത്. വയലാറിൽ ആര്‍എസ്എസ് പ്രവർത്തകനായ നന്ദു കൊല്ലപ്പെട്ടതിന് തുടർച്ചയായി എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാനും മണിക്കുറുകൾക്കകം രൺജിത്ത് ശ്രീനിവാസനും കൊല്ലപ്പെടുന്നത്.
Prosecution wants death penalty for accused in Ranjith Srinivasan murder case