കൈവെട്ട് കേസിൽ വിശദമായ ചോദ്യം ചെയ്യലിനായി സവാദിന്‍റെ ബന്ധുക്കൾക്കും, പള്ളി ഭാരവാഹികൾക്കും നോട്ടീസ് നൽകി എൻഐഎ. കാസർകോട് മഞ്ചേശ്വരത്തെ സവാദിന്‍റെ ഭാര്യയുടെ വീട്ടിലും, വിവാഹം നടന്ന തുമിനാട്ടിലെ പള്ളിയിലും അന്വേഷണ സംഘം നേരിട്ടെത്തി തെളിവെടുത്തു. ദുരൂഹതനിറഞ്ഞ സവാദിന്‍റെ ഒളിവുകാലത്തെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.

സവാദിന്‍റെ ക്രിമിനൽ പശ്ചാത്തലം അറിയില്ലെന്ന ഭാര്യയുടെയും ഭാര്യ പിതാവിന്‍റെയും മൊഴി എൻഐഎ ഇതുവരെ വിശ്വാസത്തിലെടുത്തിട്ടില്ല. ഒളിവിൽ കഴിയാൻ മഞ്ചേശ്വരത്ത് നിന്ന് സവാദിന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സംശയം. ഇതിന്‍റെ ഭാഗമായാണ് സവാദിന്‍റെ വിവാഹം നടന്ന തുമിനാട്ടിലെ പള്ളിയിലും, ഭാര്യ പിതാവ് അബ്ദുറഹ്മാൻ സവാദിനെ ആദ്യമായി കണ്ട ഉള്ളാലിലും എൻ ഐ എ സംഘമെത്തിയത്.

വിശദമായ ചോദ്യം ചെയ്യലിനായി ബന്ധുക്കൾക്കും, പള്ളി ഭാരവാഹികൾക്കും എൻ ഐ എ നോട്ടീസ് നൽകിയിട്ടുണ്ട്. ബുധനാഴ്ച്ച കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. ഇതോടൊപ്പം ഭാര്യാ പിതാവിന്റെ എസ്ഡിപിഐ ബന്ധവും അന്വേഷണ സംഘം പരിശോധിക്കും.

Case of amputation; NIA issued notice to Savad's relatives for detailed questioning