abhilash-death-3

ചങ്ങനാശ്ശേരിയിൽ സ്വാഭാവിക മരണമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. തൃക്കൊടിത്താനം സ്വദേശി അഭിലാഷാണ് സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് മരിച്ചത്. കേസിൽ രണ്ടുപേരെ ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 13-ാം തീയതിയാണ് ചങ്ങനാശ്ശേരി ബിവറേജസ് ഔട്ട്ലെറ്റിന് സമീപം ഒരാൾ കുഴഞ്ഞുവീണു കിടക്കുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചത്. അവശനിലയിലായിരുന്നയാളെ പൊലീസ് 108 ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിൽ കഴിയുമ്പോൾ ഡിസംബർ എട്ടിന് അഭിലാഷ് മരണപ്പെടുകയായിരുന്നു. 

 

മർദ്ദനമേറ്റിട്ടുണ്ടെന്ന് സംശയം തോന്നിയ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇതിനിടെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്തുവന്നു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിൽ അഭിലാഷിന്റെ സുഹൃത്തുക്കൾ പിടിയിലാകുകയായിരുന്നു. പായിപ്പാട് സ്വദേശി ജോസഫ് സേവ്യർ, ചങ്ങനാശ്ശേരി സ്വദേശി ഉണ്ണികൃഷ്ണവാര്യർ എന്നിവരാണ് അറസ്റ്റിലായത്. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കം മർദനത്തിലേക്ക് നയിക്കുകയയിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളുമായി പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Cchanganassery youth death case