അവിഹിത ബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തി ഭർത്താവ്. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ദര്‍ശന്‍ ബന്ധുക്കളെ അറിയിച്ചിരുന്നത്. ഒപ്പം സ്വയം സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തി.
ഹൃദയാഘാതത്തെ തുടർന്നല്ല മരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായി. വീട്ടുകാർ വരുന്നതിനു മുന്നേ ശ്വേതയുടെ മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ മാതാപിതാക്കൾ മകളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ദർശനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കുറ്റകൃത്യം നടത്തിയത് താനാണെന്ന് മൊഴി നല്‍കിയത്.
കോളജ് കാലം മുതല്‍ ശ്വേതയും ദർശനും പ്രണയത്തിലായിരുന്നു. മൂന്നു വര്‍ഷം മുന്‍പാണു ഇരുവരും വിവാഹിതരായത്. ജോലിസ്ഥലത്തുള്ള മറ്റൊരു യുവതിയുമായി ദര്‍ശന്‍ അടുത്തതോടെ തമ്മില്‍ വഴക്കുണ്ടായി. യുവതിയെ വിളിച്ച് ദര്‍ശനുമായുള്ള ബന്ധം തുടരരുതെന്നു ശ്വേത മുന്നറിയിപ്പ് നൽകി. ഇക്കാര്യം അറിഞ്ഞ് ദേഷ്യം തോന്നിയ ദര്‍ശന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. റാഗിയുണ്ടയിൽ സയനൈഡ് ചേർത്തു ശ്വേതയ്ക്കു നൽകുകയായിരുന്നെന്നും ഇതു കഴിച്ചാണു യുവതി മരിച്ചതെന്നും പൊലീസ് അറിയിച്ചു.
The husband killed the young woman by mixing cyanide in her food