ഇടുക്കി അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിച്ച ഒരാൾ പിടിയിൽ. കുറത്തിക്കുടി സ്വദേശി പുരുഷോത്തമനാണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു. അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന കുറത്തിക്കുടിയിൽ നിന്നുമാണ് ഒൻപത് കിലോ തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്.
വനംവകുപ്പ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിൽക്കാൻ ശ്രമിച്ച ആനകൊമ്പുകൾ കണ്ടെത്തിയത്. ദേവികുളം,അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പിടിയിലായ പുരുഷോത്തമൻ ഇടനിലക്കാരനാണെന്നും ഇയാൾക്ക് കൊമ്പുകൾ നൽകിയവരെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു.
Man was arrested for trying to sell ivory in Idukki Adimali Forest Range.