school-bus

കൂട്ടിയ സ്കൂള്‍ ബസ് ഫീസ് അടയ്ക്കാത്തതിന് വിദ്യാര്‍ഥികളെ ക്ലാസിന് പുറത്തുനിര്‍ത്തിയെന്ന് പരാതി. കോഴിക്കോട് നാദാപുരം എംഇടി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. മുന്നറിയിപ്പില്ലാതെയാണ് ഫീസ് വര്‍ധിപ്പിച്ചതെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ നടത്തിയ പ്രതിഷേധം വന്‍ വാക്കേറ്റത്തിന് വഴിവെച്ചു. ഇന്ധനച്ചിലവ് താങ്ങാനാവാത്തതിനെ തുടര്‍ന്നാണ് ഫീസ് കൂട്ടിയതെന്നാണ് മാനേജ്മെന്‍റ് വിശദീകരണം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

സ്വകാര്യസ്ഥാപനമായ എംഇടി സ്കൂളില്‍ 60 വിദ്യാര്‍ഥികളെയാണ് ക്ലാസില്‍ നിന്ന് പുറത്തിറക്കിയത്. കുട്ടികളെ ക്ലാസ്തല പരീക്ഷയെഴുതാനും ആദ്യം അനുവദിച്ചില്ല. പ്രതിഷേധം കാരണം പിന്നീട് പരീക്ഷക്കിരുത്തി. സ്കൂള്‍ ബസ് ഫീസില്‍ 200 രൂപ വര്‍ധിപ്പിച്ചത് രക്ഷിതാക്കളോട് കൂടിയാലോചിക്കാതെയാണെന്നാണ് വിമര്‍ശനം. കുട്ടികളെ പുറത്തുനിര്‍ത്തിയത് ചോദ്യം ചെയ്ത് രക്ഷിതാക്കള്‍ എത്തിയതോടെ അധ്യാപകരുമായി വന്‍ തര്‍ക്കമായി. പിന്നീട് പൊലീസെത്തി രംഗം ശാന്തമാക്കി. 

 

രക്ഷിതാക്കളും ചര്‍ച്ച നടത്തിയതില്‍ ഇന്ന് മാത്രം കുട്ടികളെ ക്ലാസിലിരുത്താമെന്നും ഫീസടച്ചില്ലെങ്കില്‍ നാളെ മുതല്‍ പ്രവേശിപ്പിക്കില്ലെന്നും മാനേജ്മെന്‍റ് തീരുമാനിച്ചു. ഫീസ് അടക്കാത്തവരെ ക്ലാസിലിരുത്തില്ലെന്ന് പലവട്ടം രക്ഷിതാക്കളെ അറിയിച്ചതാണെന്ന് മാനേജ്മെന്‍റ് വിശദീകരിച്ചു. രക്ഷിതാക്കള്‍ ഒരു അധ്യാപകനെ പിടിച്ചുതള്ളിയതായും മാനേജ്മെന്‍റ് കുറ്റപ്പെടുത്തി. സംഭവത്തില്‍ രക്ഷിതാക്കള്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കി