udupi-murder-case

 

ഉഡുപ്പി കൂട്ടക്കൊല ആഘോഷമാക്കിയ തീവ്ര ഹിന്ദുത്വ ഇൻസ്റ്റാഗ്രാം പേജിനെതിരെ പൊലീസ് കേസെടുത്തു. വർഗീയ സംഘർഷത്തിന് ശ്രമിച്ചതടക്കമുള്ള വകുപ്പുകൾ  ചുമത്തിയാണ് കേസ്. അതേസമയം പ്രതി എയർ ഇന്ത്യയിലെ ക്യാബിൻ ക്രൂ പ്രവീണ്‍ അരുണ് ചഗ്ലയെ  തെളിവെടുപ്പിനെത്തിച്ചപ്പോൾ  ആക്രമിക്കാൻ ശ്രമമുണ്ടായി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഉഡുപ്പി ,മല്‍പെ തൃപ്തി നഗറില്‍ ഒരു കുടുംബത്തിലെ നാലു പേരെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി  പ്രവീണ്‍ അരുണ്‍ ചാഗ്ലയെ പുകഴ്ത്തുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ആണ് പുതിയ കേസിനു കാരണമായത്. 15 മിനിട്ടുകൾ കൊണ്ട് 4മുസ്‌ലീകളെ കൊന്നതു ലോക റെക്കോർഡാണെന്നും ചഗ്ലായുടെ തലയിൽ കിരീടം  വച്ച ഗ്രാഫിക്സുമാണ്  ഹിന്ദു മന്ത്ര എന്ന പേജിൽ പ്രത്യക്ഷ പെട്ടത്. തുടർച്ചയായി വിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്ന പേജിനെതിരെ  വർഗീയ  സംഘർഷങ്ങൾക്ക് ശ്രമിക്കൽ അടക്കമുള്ള വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. അതിനിടെ പ്രതിയുടെ  ക്രൂരത വെളിവാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. നിരന്തരം ഭാര്യയെ  പീഡിപ്പിച്ചിരുന്ന ചഗ്ല കൊല്ലാൻ ശ്രമിച്ചതായും പൊലീസിന് വിവരം കിട്ടി. 

 

മംഗ്‌ളുരുവിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന പ്രതിയും കുടുംബവും അടുത്തിടെയാണ് സൂറത്കലിലേക്ക് മാറിയത്. സ്വർണ, ലഹരി മരുന്ന്, കള്ളക്കടത്തു സംഘങ്ങൾ ആയും ഇയാൾക്ക് ബന്ധം ഉണ്ടെന്നാണ് സൂചന. 12ാം തീയതി രാവിലെയാണ് മല്‍പെ തൃപ്തി നഗറിലെ വീട്ടിലെത്തി പ്രവീണ്‍  എയര്‍ ഇന്ത്യയിലെ എയര്‍ഹോസ്റ്റസ് ട്രെയിനി അയ്‌നാസ് മുഹമ്മദ് , മാതാവ് എം ഹസീന , മൂത്ത സഹോദരി അഫ്‌നാന്‍ , സഹോദരന്‍ അസീം  എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്. അയ്നാസ്‌ പ്രണയം നിരസിച്ചതാണ്‌ കൊലയ്ക്കു കാരണം എന്നാണ് മൊഴി. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഇയാള്‍ക്കെതിരെ നാട്ടുകാരുടെ വലിയപ്രതിഷേധമാണുണ്ടായത്. പ്രതിയെ ആക്രമിക്കാൻ ആയിരുന്നു ശ്രമം. ലാത്തിചാര്‍ജ് നടത്തിയാണ് പൊലീസ് ആള്‍ക്കൂട്ടത്തെ പിരിച്ചു വിട്ടത്.