ഒഎല്‍എക്സ് വഴിയുള്ള ഓൺലൈൻ വാഹന ഇടപാടിൽ പണം തട്ടിയതായി വൈക്കം സ്വദേശിനിയുടെ പരാതി. തിരുവനന്തപുരത്തെ മിലിട്ടറി ഉദ്യോഗസ്ഥനായ ഗോപാൽ എന്ന് പരിചയപ്പെടുത്തിയാണ് പ്രതി 20000 രൂപയുടെ കൈപ്പറ്റിയത്. വ്യാജ രേഖകളും ചിത്രങ്ങളും നൽകിയായിരുന്നു തട്ടിപ്പെന്ന്  ഫയർഫോഴ്സ് ഹോംഗാർഡായ യുവതി പറയുന്നു.

 

മൂന്ന് ദിവസം മുമ്പാണ് വൈക്കം ഏനാദി സ്വദേശി ശാരിമോൾ സ്കൂട്ടർ വാങ്ങാനായി ഒഎല്‍എക്സ് വഴി ഗോപാൽ എന്നയാളുടെ ഫോൺ നമ്പറിൽ വിളിച്ചത്. തിരുവനന്തപുരത്ത് മിലിട്ടറി ഉദ്യോഗസ്ഥനായ തനിക്ക് സ്ഥലം മാറ്റമാണെന്നും ഭാര്യയുടെ പേരിലുള്ള സ്കൂട്ടറാണ് എന്ന് പറഞ്ഞ് ഫോട്ടോയും രേഖകളും ആദ്യം നൽകി. മുപ്പത്തി ഏഴായിരം രൂപക്ക് വാഹനം നൽകാമെന്ന് പറഞ്ഞു. മിലിട്ടറി ഓഫീസിലെയും കൊറിയർ സ്ഥാപനത്തിന്റെയും ബില്ലും ചിത്രങ്ങളും അയച്ചു നൽകി പ്രതി വിശ്വാസ്യത നേടി.

 

തുടർന്ന് പാഴ്സൽ ചാർജ്ജായി 4200 രൂപ രാജേന്ദ്ര എന്ന പേരിലുള്ള  നമ്പറിൽ ഗൂഗിൾ പേയായി വാങ്ങി.  എന്‍ഒസി ചാർജ്ജായി 15,500 രൂപ അതേ നമ്പറിൽ അയക്കാനും വാഹനം കൈപ്പറ്റുമ്പോൾ ഇത് വിലയിൽ കുറച്ചാൽ മതിയെന്നും പറഞ്ഞ് പണം തട്ടി. അയച്ചുതന്ന ചിത്രങ്ങളും രേഖകളും വ്യാജമാകാനാണ് സാധ്യത. ശാരിമോളുടെ ഫോട്ടോയും ആധാർ കാർഡിന്റെയും കോപ്പിയും ഇയാൾ ഇതിനിടെ വാങ്ങി. ഇത് ദുരുപയോഗം ചെയ്യുമെന്നാണ് ആശങ്ക.

 

online vehicle sale cheating