aluva-rape-case-2

 

ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി. അന്തിമവാദം നാളെ എറണാകുളം ജില്ലാ കോടതിയില്‍ ആരംഭിക്കും. കേസിലെ മുഴുവന്‍ തെളിവുകളും നിഷേധിച്ച പ്രതി അസഫാക് ആലം തന്നെ പൊലീസ് കുടുക്കിയതാണെന്നും വാദിച്ചു.  പ്രതിയെ പിടികൂടിയത് മുതല്‍ വിചാരണവരെ കേസില്‍ അതിവേഗമാണ് നടപടികള്‍. ജൂലൈ 28നാണ് അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം നടന്ന് മുപ്പത് ദിവസത്തിനകം സെപ്റ്റംബര്‍ ഒന്നിന് ആലുവ ഈസ്റ്റ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 

 

ഒക്ടോബര്‍ നാലിന് ആരംഭിച്ച വിചാരണ നടപടികള്‍ മൂന്നാഴ്ചകൊണ്ട് അന്തിമഘത്തില്‍ എത്തി നില്‍ക്കുന്നു. ഒഡീഷ സ്വദേശി അസഫാക് ആലമാണ് കേസിലെ ഏക പ്രതി. കുട്ടിയെ തട്ടിക്കൊണ്ടുപോയ മദ്യം നല്‍കിയ ശേഷം ബലാല്‍സംഗം ചെയ്തുവെന്നും ശേഷം കുട്ടിയുടെ ബനിയന്‍ ഉപയോഗിച്ച് കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്‍റെ കുറ്റപത്രം. കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, പ്രകൃതി വിരുദ്ധ പീഡനം ഉള്‍പ്പെടെ പതിനാറ്  കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. സാഹചര്യ തെളിവുകളെ ആസ്പദമാക്കിയുള്ള കേസില്‍ 43 പ്രോസിക്യൂഷന്‍ സാക്ഷികളെയാണ് വിസ്തരിച്ചത്. 

 

പ്രോസിക്യൂഷന്‍ ഹാജരാക്കിയ 95 രേഖകളും പത്ത് തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു. പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ രാസപരിശോധനഫലങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. പ്രതിഭാഗം ഒന്‍പത് തെളിവുകളും ഹാജരാക്കി. പൊലീസിന്‍റെ കണ്ടെത്തലുകളെല്ലാം പ്രതി വിചാരണവേളയില്‍ നിഷേധിച്ചു. താന്‍ മാനസികനില തെറ്റി അലഞ്ഞ് തിരിയുന്ന ആളാണെന്നും പൊലീസ് തന്നെ കളവായി അറസ്റ്റ് ചെയ്തതാണെന്നും പ്രതി കോടതിയില്‍ എഴുതി നല്‍കി. 

 

തന്‍റെ കൂടെ മറ്റൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നും ഇയാളായിരിക്കാം കുറ്റം ചെയ്തെതന്നുമാണ് അസഫാകിന്‍റെ വാദം. പ്രതിഭാഗത്തു നിന്ന് പ്രതിയെ പരിശോധിച്ച ആലുവ ജില്ല  ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ സാക്ഷികളായി വിസ്തരിച്ചു. പരിഭാഷകയുടെ സഹായത്തോടെയാണ് കോടതി നടപടികള്‍. പ്രോസിക്യൂഷന്‍ വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് ഹാജരായി. അദീപ്.എം. നെല്‍പുരയിലാണ് പ്രതിഭാഗം അഭിഭാഷകന്‍. 

 

Aluva pocso case