
ആലുവയില്‍ പൊലീസ് സ്റ്റേഷന് സമീപത്തെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് പണം കവര്‍ന്നയാള്‍ പിടിയില്‍. പത്തനംതിട്ട മല്ലപ്പിള്ളി ആലുമൂട്ടിൽ രാജേഷ് ജോർജാണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ആലുവ പൊലീസ് സ്റ്റേഷന് സമീപത്തെ ആസ്റ്റര്‍ മെഡിക്കല്സിലായിരുന്നു കവര്‍ച്ച. മരുന്ന് വാങ്ങാനെന്ന വ്യാജേനയാണ് രാജേഷ് കടയിലെത്തിയത്. ജീവനക്കാരി കടയിലെ പണം എണ്ണുന്നതിനിടെയാണ് പ്രതി കടയിലെത്തിയത്. സംസാരിച്ച് നില്‍ക്കുന്നതിനിടെ ജീവനക്കാരിയുടെ കയ്യില്‍ നിന്ന് പണം തട്ടിപ്പറിച്ച് രാജേഷ് പുറത്തേക്കോടി. കള്ളനെന്ന് വിളിച്ച് ജീവനക്കാരി ഇയാള്‍ക്ക് പിന്നാലെ ഓടിയതോടെയാണ് നാട്ടുകാര്‍ സംഭവമറിയുന്നത്. ജംക്ഷനിലെത്തിയ പ്രതിയെ അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പിടികൂടി പൊലീസിനെ അറിയിച്ചു.
സ്ത്രീകള്‍ ജോലിചെയ്യുന്ന കടകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്നയാളാണ് രാജേഷ് എന്നാണ് പൊലീസ് നല്കുന്ന സൂചന. സമാനമായ രീതിയില്‍ ബാങ്ക് കവലയിലെ മറ്റൊരു കടയിലും കവര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഈ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷന് സമീപത്തെ മെഡിക്കല്‍ ഷോപ്പില്‍ പ്രതിയെത്തിയത്.
Snatching money from the medical shop and ran away