കോഴിക്കോട് രാമനാട്ടുകരയില്‍ ഡാന്‍സാഫ് പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചാള ബാബു ഉള്‍പ്പടെ അഞ്ചുപേരാണ് പിടിയിലായത്. അതേസമയം പരാതിക്കാരന് ലഹരിക്കടത്തുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് രാമനാട്ടുകര ബസ് സ്റ്റാന്‍റ് പരിസരത്തുവച്ചാണ് പരാതിക്കാരനായ യുവാവിന്‍റെ പിക്കപ്പ് വാഹനം ഒരു സംഘം തടഞ്ഞത്. മൂന്ന് പേര്‍ യുവാവിനെയും കൊണ്ട് വാഹനത്തില്‍ കയറുകയും രണ്ടുപേര്‍ ബൈക്കില്‍ പിന്‍തുടരുകയും ചെയ്തു. പൊലീസിന്‍റെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാന്‍സാഫാണെന്ന് പറഞ്ഞാണ് യുവാവിനെ പതിനൊന്നാം മൈലിനടുത്ത് ഹൊറൈസണ്‍ കുന്നില്‍ കൊണ്ടുപോയത്. തുടര്‍ന്ന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം ഇല്ലെന്ന് അറിഞ്ഞതോടെ യുവാവിനെ മര്‍ദ്ദിച്ച ശേഷം പിക്കപ്പ് വാഹനവും മൊബൈല്‍ ഫോണും കവര്‍ന്ന് സംഘം കടന്നു.
നാട്ടുകാരുടെ സഹായത്തോടെയാണ് യുവാവ് ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. സിസിടിവില്‍ ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചു പ്രതികളും കുടുങ്ങി. ചെട്ടിപ്പടി ഉള്ളാണം സ്വദേശി ഷബീര്‍ എന്ന ചാള ബാബു, പെരുമുഖം സ്വദേശി ധനീഷ് എന്ന കുട്ടാപ്പി, കരുവന്‍തുരുത്തി സ്വദേശി മുഹമ്മദ് മര്‍ജാന്‍, ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ഷിബിന്‍, വൈദ്യരങ്ങാടി സ്വദേശി സല്‍മാനുല്‍ ഫാരിസ് എന്നിവരാണ് പിടിയിലായത്.
ചാള ബാബു ചന്ദനമര മോഷണം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പൊലീസിനെ ഇരുമ്പുപാര കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു. സാഹസികമായാണ് പ്രതിയെ കീഴടക്കിയത്. മറ്റ് പ്രതികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. പ്രതികള്‍ പതിവായി ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, പരാതിക്കാരന്‍റെ മൊഴികളും ചില വൈരുധ്യങ്ങള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് ലഹരിമരുന്ന് കടത്തുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Kozhikode Ramanattukara theft arrest