attack

TAGS

ഭക്ഷണം നല്‍കിയില്ലെന്ന പേരില്‍ തട്ടുകട ജീവനക്കാരന്‍റെ മൂക്ക് കടിച്ചുപറിച്ചു.. ഇടുക്കി പുളിയന്‍മലയിലെ തട്ടുകട ജീവനക്കാരനായ ശിവചന്ദ്രന് നേരെയാണ് ആക്രമണം. അമ്പലമേട് സ്വദേശി സുജീഷാണ് മൂക്ക് കടിച്ചത്. ശിവചന്ദ്രനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി

 

കേട്ടുകേള്‍വിയില്ലാത്ത സംഭവം നടക്കുന്നത് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍. തമിഴ്നാട് സ്വദേശി കവിയരശന്‍റെ തട്ടുകടയിലെത്തിയ സുജീഷ് ഭക്ഷണം ആവശ്യപ്പെട്ടു. നല്ല മഴയായതിനാല്‍ കട അടയ്ക്കാനൊരുങ്ങവെയാണ് സുജീഷെത്തിയത്. തട്ടുകടയിലെ ജീവനക്കാര്‍ക്കായി വെച്ചിരുന്ന ദോശയിലൊന്ന് ആക്രമണം നേരിട്ട ശിവചന്ദ്രന്‍ ഇയാള്‍ക്ക് നല്‍കി. പക്ഷേ, കറിയുണ്ടായിരുന്നില്ല. കറിയുടെ പേരില്‍ പിന്നെ തര്‍ക്കവും സംഘര്‍ഷവുമായി. കടയിലെ സാധനങ്ങള്‍ സുജീഷ് നശിപ്പിക്കുകയും ശിവചന്ദ്രന്‍റെ മൂക്ക് കടിച്ചുപറിക്കുകയുമായിരുന്നു.

 

ശിവചന്ദ്രനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. മര്‍ദനത്തിനിടെ തടയാനെത്തിയ മറ്റു രണ്ടു ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു. സുജീഷിനും പരിക്കുണ്ട്.. ഇവര്‍ കട്ടപ്പനയില്‍ തന്നെ ചികിത്സ തേടി. സംഭവത്തില്‍ വണ്ടന്‍മേട് പൊലീസ് കേസെടുത്തു. തട്ടുകടയുടെ എതിര്‍വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനാണ് പ്രതി സുജീഷ്. ഇരുവരും വാട്ടര്‍ കണക്ഷനെ ചൊല്ലി നേരത്തെ തര്‍ക്കമുണ്ടായിരുന്നു.