കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിയ കേസിൽ പ്രതി പിടിയിൽ. കോടഞ്ചേരി സ്വദേശി പാലാട്ടിൽ ഷിബുവാണ് പിടിയിലായത്. കുടുംബവഴക്കായിരുന്നു ആക്രമണത്തിന് കാരണം. 

 

ഇന്ന് രാവിലെ ആറുമണിയോടെയാണ് കോടഞ്ചേരി പാറമലയിലെ വീട്ടിൽവച്ച് ഭാര്യ ബിന്ദുവിനെയും ഭാര്യാമാതാവ് ഉണ്ണിയാതയെയും ഷിബു വെട്ടിപരുക്കേൽപ്പിച്ചത്. സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ വൈകിട്ടോടെ കോടഞ്ചേരി പൊലീസ് പിടികൂടി. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം. രാവിലെ വീടിന് പുറത്തിറങ്ങിയ ബിന്ദുവിനെ സമീപത്ത് ഒളിച്ചിരുന്ന ഷിബു വെട്ടുകയായിരുന്നു. ബഹളംകേട്ട് തടയാനെത്തിയ ബിന്ദുവിന്റെ അമ്മ ഉണ്ണിയാതെയും ആക്രമിച്ചു. ബിന്ദുവിന്റെ തോളിനും കൈയ്ക്കും തലയ്ക്കും വെട്ടേറ്റു. 

ഒരു കൈവിരൽ അറ്റുമാറി.  ഉണ്ണിയാതയുടെ കൈക്കാണ് പരുക്ക്. ഇരുവരെയും ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .വിദഗ്‌ധ ചികിത്സയ്ക്ക് വേണ്ടി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്  മാറ്റി. ബിന്ദുവും ഷിബുവും രണ്ടു വർഷമായി പിരിഞ്ഞാണ് താമസിക്കുന്നത്. ഇവർക്ക് മൂന്ന് മക്കളുണ്ട്.