കൊടുങ്ങല്ലൂർ സഹകരണ ബാങ്കിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണം കാണാതായെന്ന പരാതിയിൽ വഴിതിരിവ്. കാണാതായ  സ്വർണം തൃശൂർ വലപ്പാട്ടെ ബന്ധുവീട്ടിൽ മറന്നു വച്ചതായിരുന്നെന്നും മുഴുവൻ സ്വർണവും കണ്ടെത്തിയെന്നും പരാതിക്കാരി സുനിത കൊടുങ്ങല്ലൂർ പൊലിസിനോട് പറഞ്ഞു. പരാതിക്കാരി പറയുന്ന കാര്യങ്ങളിൽ സംശയമുള്ളതായും കേസുമായി മുന്നോട്ടു പോകുമെന്നും ബാങ്ക് അധികൃതരും പൊലീസിനോട്‌  പറഞ്ഞു.

 

കഴിഞ്ഞ 21നാണ് എടമുട്ടം സ്വദേശിനി സുനിത കൊടുങ്ങല്ലൂർ പൊലീസിൽ പരാതിപ്പെട്ടത്. കൊടുങ്ങല്ലൂർ സഹകരണ ബാങ്കിൻ്റെ അഴീക്കോട് ശാഖയിൽ സേഫ് ഡെപ്പോസിറ്റ് ലോക്കറിൽ സൂക്ഷിച്ചിരുന്ന 60 പാവൻ സ്വർണം കാണുന്നില്ലെന്നായിരുന്നു പരാതി. ബെംഗളൂരുവിൽ താമസക്കാരായ സുനിത നാട്ടിലെത്തി ലോക്കർ തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽ പെട്ടിരുന്നത്. പരാതിന്മേൽ അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് സ്വര്‍ണം തൃശൂർ വലപ്പാട്ടെ ബന്ധുവിന്റെ വീട്ടില്‍ മറന്നു വെച്ചതാണെന്നും 60 പവൻ സ്വർണവും തിരികെ ലഭിച്ചെന്നും പൊലീസിനെ അറിയിച്ചത്. വിവിധ ബാങ്കുകളിൽ പണമിടപാട് നടത്താറുള്ള കുടുംബത്തിന് തെറ്റുപറ്റിയതാകാമെന്നും സ്വർണം മറന്ന് വെച്ചതാകാമെന്നുമായിരുന്നു പൊലീസിന്റെ ആദ്യം മുതലെയുള്ള നിഗമനം. ഇതിനിടയിലാണ് സ്വർണം കണ്ടെത്തിയതായി യുവതി പൊലീസിൽ അറിയിച്ചത്

 

സേഫ് ഡിപ്പോസിറ്റ് ലോക്കറിന്റെ താക്കോൽ ലോക്കർ ഇടപാടുകാരന്റെ കൈവശവും മാസ്റ്റർ കീ ബാങ്കിലുമാണ് ഉണ്ടാവുക. സ്വർണ്ണം കാണാനില്ല എന്ന് അറിയിച്ചതോടെ അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതരും പരാതി നൽകിയിരുന്നു. നിലവിൽ പരാതിക്കാരി പറയുന്ന കാര്യങ്ങളിൽ സംശയമുള്ളതായും കേസുമായി മുന്നോട്ടു പോകുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു. 

 

kodungallur town cooperative bank locker missing gold complaint