തൃശൂര്‍ അരിമ്പൂരില്‍ കെട്ടിടനിര്‍മാണ കരാറുകാരനെ കുത്തിക്കൊന്ന രണ്ടു പ്രതികള്‍ പിടിയില്‍. അരിമ്പൂരില്‍ വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട്ടുകാരന്‍ ആദിത്യനെ കൊന്ന രണ്ടു പേരെയാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കഴിഞ്ഞ പതിനേഴിനു രാവിലെ അരിമ്പൂരിലെ വാടകവീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു. നാട്ടുകാര്‍ അറിയിച്ച പ്രകാരം പൊലീസ് എത്തി പരിശോധിച്ചു. അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. നാല്‍പത്തിരണ്ടുകാരനായ ആദിത്യനാണ് മരിച്ചത്. മൃതദേഹം അഴുകിയതിനാല്‍ ഒറ്റനോട്ടത്തില്‍ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചില്ല. പക്ഷേ, പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞപ്പോള്‍ കൊലപാതകമാണെന്ന് വ്യക്തമായി. ആരാണ്, കൊലയാളികള്‍ എന്ന അന്വേഷണം തകൃതിയായി തുടര്‍ന്നു. അന്തിക്കാട് ഇന്‍സ്പെക്ടര്‍ പി.കെ.ദാസും സംഘവും സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ടി.കെ.ഷൈജുവും സംഘവും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടര്‍ന്നു. ആദിത്യനൊപ്പം പണിയ്ക്കു വന്നിരുന്ന രണ്ടു പേരെ കാണാനില്ലെന്ന് മനസിലായി. തമിഴ്നാട്ടുകാരനായ ദാമോദരനും ഷണ്‍മുഖനും. ദാമോദരനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കൊലക്കേസ് പ്രതിയാണ് നേരത്തെ. ദാമോദരനെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടി. ഷണ്‍മുഖനെ തൃശൂര്‍ നഗരത്തില്‍ നിന്നും. പണിക്കൂലി തരാന്‍ ആദിത്യന്‍ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണം.
കുത്താന്‍ ഉപയോഗിച്ച കത്തി സമീപത്തെ കുളത്തിലേയ്ക്കു വലിച്ചെറിഞ്ഞതായി പ്രതികള്‍ മൊഴിനല്‍കി. ആദിത്യന്‍ തനിച്ചായിരുന്നു താമസം. ഭാര്യയും മക്കളുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. കൊല നടത്തിയ ശേഷം പ്രതികള്‍ വീട് മുന്‍വശത്തു നിന്ന് പൂട്ടി സ്ഥലംവിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും സൈബര്‍ സെല്ലിന്റെ അന്വേഷണവും കൊലയാളികളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചു.