മോഷണക്കേസില്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ കുത്തി പരുക്കേല്‍പിച്ച് രക്ഷപെട്ട ഇരുപതുകാരന്‍ 29 കേസുകളിലെ പ്രതി. കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് പിടിയിലായ കുട്ടിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫിനെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ പൊലീസ് നടപടി തുടങ്ങി.

 

പതിനഞ്ചാം വയസിലാണ് മുഹമ്മദ് തായിഫ് മോഷണം ആരംഭിക്കുന്നത്. പള്‍സര്‍ ബൈക്കുകളോടായിരുന്നു ആദ്യകാലങ്ങളില്‍ ഭ്രമം പിന്നെ പിന്നെ എന്തും മോഷ്ടിക്കുമെന്നായി. കൊടുവള്ളിയിലെ മൊബൈല്‍ കടയില്‍ നടന്ന മോഷണമാണ് ഏറ്റവും ഒടുവിലത്തേത്. കുറ്റിക്കാട്ടൂരില്‍ നിന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് തായിഫ് പൊലീസിനെ ആക്രമിച്ച്  ബൈക്കില്‍ രക്ഷപെടുന്നത്. മാനാഞ്ചറിയിലെത്തി ബൈക്ക് റോഡരികില്‍ വച്ചശേഷം വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന കോംട്രസ്റ്റ് കെട്ടിടത്തിന്‍റെ ഉള്ളില്‍ ഒളിച്ചിരുന്നു. എന്നാല്‍  രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ കെട്ടിടം വളഞ്ഞ  പൊലീസ് തായിഫിനെ പിടികൂടുകയായിരുന്നു. 

 

തായിഫിനൊപ്പം പിടിയിലായ കിണാശേരി സ്വദേശി അക്ഷയ്, കല്ലായി സ്വദേശി ഷിഹാല്‍ എന്നിവരും മോഷണക്കേസുകളില്‍ മുമ്പ് പിടിയിലായിട്ടുള്ളവരാണ്. ലഹരി ഉപയോഗിക്കുന്ന സംഘം ലഹരികടത്തിലും പങ്കാളികളാണ്. തായിഫിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ പൊലീസുകാരന്‍ ഇപ്പോഴും ചികില്‍സയിലാണ്. 

 

Youth who escaped by stabbing the police while arrest is accused in 29 cases.