ex-pfi

ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവ്. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ ഇസ്മായില്‍, അനീസ് എന്നിവരെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതി ശിക്ഷിച്ചത്. ചാലിശ്ശേരി സ്വദേശി സന്തോഷിനാണ് വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ സാരമായി പരുക്കേറ്റത്.  

 

2017 ഒക്ടോബര്‍ 27 നായിരുന്നു ആക്രമണം. മതുപ്പുള്ളിയില്‍ ആര്‍.ആര്‍.എസ് ശാഖ നടത്തിയതിലുള്ള വിരോധവും രണ്ടാം പ്രതി അനീസിന്റെ സഹോദരനെ മര്‍ദിച്ചെന്ന തെറ്റിദ്ധാരണയിലുമാണ് സന്തോഷിനെ പ്രതികള്‍ ആക്രമിച്ചതെന്നാണ് കുറ്റപത്രത്തിലുള്ളത്. ആക്രമണമുണ്ടായ ദിവസം രാവിലെ സന്തോഷും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിനെ പിന്തുടര്‍ന്ന് പെരിങ്ങോട് മുപ്പറമ്പ് റോഡില്‍ വെച്ച് തടഞ്ഞു നിര്‍ത്തി ജാതിപ്പേര് വിളിച്ച് വടിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. 

 

തലയ്ക്കും ശരീരത്തിലും വെട്ടേറ്റ സന്തോഷ് സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് ഏറെ നാള്‍ ചികില്‍സയിലായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമ പ്രകാരമാണ് ജീവപര്യന്തം തടവും അറുപതിനായിരം രൂപ പിഴയും വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം ആറുമാസം അധിക തടവ് അനുഭവിക്കണം. പിഴത്തുകയില്‍ നിന്നും അന്‍പതിനായിരം രൂപ സന്തോഷിന് നല്‍കാനും കോടതി ഉത്തരവിട്ടു. 

 

കേസില്‍ പതിനാല് സാക്ഷികളെ വിസ്തരിച്ചു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയായിരുന്ന മുരളീധരനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രൊസിക്യുഷന് വേണ്ടി അഡ്വ.പി ജയന്‍, അഡ്വ.കെ.ദീപ എന്നിവര്‍ ഹാജരായി.

 

 

Ex-Popular Front activists get life imprisonment in case of hacking RSS worker