kumily-gold-2

 

503 ഗ്രാം സ്വർണ ബിസ്ക്കറ്റുമായി തമിഴ്നാട് സ്വദേശി കുമളിയിൽ പിടിയിൽ . കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് തമിഴ്നാട് പൊലീസ് മധുര സ്വദേശി ഗണേശനെ പിടികൂടിയത്. 30 ലക്ഷം രൂപയോളം വില വരുന്ന സ്വർണ ബിസ്കറ്റ് ആണ് പ്രതി കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

കുമളിയിലെ തമിഴ്നാട് ചെക്ക് പോസ്റ്റിൽ വച്ചാണ് പൊലീസ് ഗണേശനെ പിടികൂടിയത്. കുമളി ബസ്റ്റാൻഡിൽ വന്നിറങ്ങി തമിഴ്നാട് സ്റ്റാൻഡിലേക്ക് നടന്നു പോകുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്. സംശയം തോന്നിയ പൊലീസ് ഗണേശനെ പരിശോധിക്കുകയായിരുന്നു. വയറിന്റെ ഭാഗം തൂങ്ങിയ നിലയിൽ കണ്ടതോടെയാണ് പൊലീസിന് സംശയം തോന്നിയത്. ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം ഇയാൾ സമ്മതിച്ചതുമില്ല. 

 

തുടർന്ന് ബലമായി ഷർട്ട് അഴിപ്പിച്ചപ്പോൾ അരയിൽ കെട്ടിവച്ച നിലയിൽ സ്വർണ്ണ ബിസ്ക്കറ്റ് കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മധുരയിൽ കൊണ്ടുപോയി മറിച്ചു വിൽക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. തേനിയിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിയെയും സ്വർണ്ണ ബിസ്കറ്റിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളത്തിൽ എവിടെ നിന്നാണ് സ്വർണ ബിസ്ക്കറ്റ് കിട്ടിയത് എന്ന് ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

 

Gold worth rs 30 lakh seized at kumily