കൊല്ലം അഞ്ചലിൽ ലോട്ടറി ടിക്കറ്റിന്റെ നമ്പർ തിരുത്തി സമാനത്തുക കൈക്കലാക്കിയതായി പരാതി. വഴിയോരത്ത് ലോട്ടറി കച്ചവടം ചെയ്യുന്ന തമിഴ്നാട്ടുകാരാണ് തട്ടിപ്പിനിരയായത്. അഞ്ചലിൽ വഴിയോരത്ത് ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്ന രണ്ട് തമിഴ്നാട്ടുകാർക്കാണ് പണം നഷ്ടമായത്. ബൈക്കിൽ എത്തിയ രണ്ടുപേരാണ് ലോട്ടറി വ്യാപാരികളായ മുഹമ്മദ് സാലിയെയും മുരുകനെയും കബളിപ്പിച്ചത്. അഞ്ഞൂറു രൂപ ലോട്ടറി സമ്മാനത്തുകയായി അടിച്ചുവെന്ന് കാണിച്ചായിരുന്നു തട്ടിപ്പ്.
മൂന്ന് ടിക്കറ്റിന് 1500 രൂപയും മറ്റൊരു ടിക്കറ്റിന് ആയിരം രൂപയും ചേർത്ത് 2500 രൂപയാണ് ലോട്ടറി വ്യാപാരികളിൽ നിന്നും യുവാക്കൾ കൊണ്ടു പോയത്. കയ്യിൽ പണം ഇല്ലാത്തതിന്നാൽ പകരം കുറച്ച് ലോട്ടറി ടിക്കറ്റും കൊണ്ടുപോയെന്ന് വിൽപ്പനക്കാർ പറയുന്നു.
ഇതേ രീതിയിൽ ഒരുവർഷം മുമ്പും അഞ്ചലിൽ തട്ടിപ്പ് നടന്നിരുന്നു. തട്ടിപ്പിനിരയായ ലോട്ടറി വ്യാപാരികൾ സ്ഥാപനത്തിലെത്തി ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്ന് മനസ്സിലാക്കിയത്.
Rs 2500 was looted by changing the lottery ticket number in kollam anchal