ഒറ്റപ്പാലം പത്തിരിപ്പാല നഗരിപ്പുറത്ത് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരുക്കേറ്റു. നെല്ലിക്കാട് പേരടിക്കുന്ന് സ്വദേശി സെയ്തു മുഹമ്മദിനാണ് പരുക്കേറ്റത്. പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന ഇദ്ദേഹത്തിന്റെ വീട് പൂര്‍ണമായും തകര്‍ന്നു.
അനധികൃതമായി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന വീടാണിതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. താമസക്കാരില്ലാത്ത വീട്ടിലായിരുന്നു പൊട്ടിത്തെറി. സമീപത്തു മറ്റൊരു വീട്ടിലാണു സെയ്തുമുഹമ്മദും കുടുംബവും താമസം. വെടിക്കെട്ട് സാമഗ്രികൾ വൻതോതിൽ സൂക്ഷിച്ചിരുന്നതായി കരുതുന്ന പഴയ വീട്ടിൽ ഉച്ചകഴിഞ്ഞായിരുന്നു ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി. ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയും ജനലുകളും വാതിലുകളും തകർന്നു. ചുമരുകൾക്കും കേടുപാടുകളുണ്ട്.
ഇരുകൈകളിലും സാരമായി പരുക്കേറ്റ സെയ്ത് മുഹമ്മദിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പൊലീസിന്റെ ശാസ്ത്രീയ പരിശോധന വിഭാഗങ്ങൾ സ്ഥലത്തു പരിശോധന നടത്തി.
Pathiripala blast