തൃശൂർ സിറ്റി പൊലീസ് പരിശോധനയിൽ ആറു സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യപിച്ച് ബസോടിച്ചതായി കണ്ടെത്തി. മദ്യപിച്ച് ബസോടിച്ച ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

തൃശൂർ സിറ്റി പൊലീസിന്റെ പരിധിയിൽ വ്യാപകമായി ബസുകളിൽ പൊലീസ് പരിശോധന നടത്തി. കൂടുതലും സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പ്രധാനമായും ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോയെന്നായിരുന്നു പരിശോധിച്ചത്. രാവിലെ പരിശോധന നടത്തിയിട്ടും മദ്യലഹരിയിലായിരുന്നു ചില ഡ്രൈവർമാർ. കുന്നംകുളത്ത് രണ്ടും ഈസ്റ്റ് പൊലീസ് മൂന്നും വിയ്യൂർ പൊലീസ് ഒരാളേയും പിടികൂടി. യാത്രക്കാരിൽ ചിലർ ഡ്രൈവർമാർ മദ്യപിച്ച് വണ്ടിയോടിക്കുന്നതായി പൊലീസിനോട് പരാതി പറഞ്ഞിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു നടപടി. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിന് പൊലീസ് ശുപാർശ ചെയ്യും. ഇവർക്കിനി ആറു മാസത്തേക്ക് ബസുകൾ ഓടിക്കാനാകില്ല. കർശനമായി  നടപടി പൊലീസ് തുടരും. തലേന്ന് കഴിച്ച മദ്യത്തിന്റെ ലഹരിയാണെന്ന് പറഞ്ഞൂരാനായിരുന്നു ഡ്രൈവർമാരുടെ ശ്രമം. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ്  പൊലീസ് നടപടി കർശനമാക്കിയത്.