കൊല്ലം പുനലൂരിൽ ബിജെപി പ്രവർത്തകൻ സുമേഷ് കൊല്ലപ്പെട്ടതിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായ അരവിന്ദാക്ഷനാണ് കുത്തിയതെന്നാണ് സുമേഷ് മൊഴിനല്‍കിയിരുന്നത്. രാഷ്ട്രീയ കൊലപാതകമല്ല വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്. പുനലൂരിൽ ബിജെപി കരിദിനം ആചരിക്കും.
സിപിഎം നേതാവും നഗരസഭ കൗൺസിലറുമായ അരവിന്ദാക്ഷനാണ് കുത്തിയതെന്നാണ് സുമേഷിന്റെ മൊഴി. ചികിത്സയിലിരിക്കെ സുമേഷ് കഴിഞ്ഞദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. പരുക്കേറ്റ കൗൺസിലർ അരവിന്ദാക്ഷനും ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലപ്പെട്ട സുമേഷിന്റെ മൊഴിപ്രകാരം ആരോഗ്യനില തൃപ്തികരമാകുമ്പോൾ അരവിന്ദാക്ഷന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. കക്കോട് സ്വദേശി ബിജുവും കൗൺസിലർ അരവിന്ദാക്ഷനും തമ്മിലുള്ള അടിപിടിയാണ് പ്രശ്നത്തിന്റെ തുടക്കം. ബിജു സുമേഷിന്റെ വീട്ടിലുണ്ടെന്ന് അറിഞ്ഞ് അരവിന്ദാക്ഷൻ ചോദിക്കാൻ എത്തിയപ്പോൾ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് സുമേഷിന് കുത്തേറ്റത്. അരവിന്ദാക്ഷനോടൊപ്പം സംഘർഷത്തിൽ ഏർപ്പെട്ട സിപിഎം പ്രവർത്തകരായ നിധിൻ, സജികുമാർ എന്നിവർ നേരത്തെ റിമാൻഡിൽ ആയിരുന്നു. സംഘർഷത്തിലെ പ്രധാനി ബിജു ഒളിവിലാണ്. രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന് ബിജെപി ആരോപിക്കുമ്പോൾ വ്യക്തിവൈരാഗ്യമെന്നാണ് പൊലീസ് വാദം.
Murder of BJP Worker; Investigation going on